കേരള പുനർനിർമാണം എല്ലാ അഭിപ്രായങ്ങളും സ്വാംശീകരിക്കും – മുഖ്യമന്ത്രി

വീടുകൾ വലിയരീതിയിൽ തകർന്നവർക്കുള്ള സഹായം കാലതാമസം ഒഴിവാക്കി രണ്ടു ഗഡുക്കളായി എത്രയും വേഗം നൽകുമെന്നും അദ്ദേഹം അറിയിച്ചു

0

തിരുവനന്തപുരം :കേരള പുനർനിർമാണം സംബന്ധിച്ച് എല്ലാ അഭിപ്രായങ്ങളും സ്വാംശീകരിച്ച് പുതിയ പദ്ധതികൾക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീടുകൾ വലിയരീതിയിൽ തകർന്നവർക്കുള്ള സഹായം കാലതാമസം ഒഴിവാക്കി രണ്ടു ഗഡുക്കളായി എത്രയും വേഗം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ‘പ്രളയം നൽകിയ പാഠങ്ങളും നവകേരള നിർമാണത്തിൽ ദുരന്ത ലഘൂകരണത്തിന്റെ പ്രാധാന്യവും’ എന്ന വിഷയത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും യുഎൻഡിപിയും സ്ഫിയർ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക സംവിധാനങ്ങളും നാട്ടുകാരും സന്നദ്ധസംഘടനകളും പ്രളയരക്ഷാപ്രവർത്തനത്തിൽ ഒരുമയോടും ഐക്യത്തോടും പ്രവർത്തിച്ചു. സമൂഹത്തിന്റെ പങ്കാളിത്തം വളരെ വലുതായിരുന്നു. ഇതാണ് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്റെ ശക്തിയും പ്രത്യേകതയും.

പുനർനിർമാണത്തിന് വിവിധ മേഖലകളിൽനിന്നും വിദഗ്്ധരിൽനിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. പ്രവാസികളായ മലയാളികളും അവരുടെ വിവിധ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇതെല്ലാം സ്വാംശീകരിച്ചാണ് പുനർനിർമാണ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. എന്നാൽ, ഇതിനായി ഒരുപാട് കാത്തിരിക്കാതെ ആവശ്യമായതെല്ലാം ചെയ്താണ് മുന്നോട്ടുപോകുന്നത്.

വീടുകൾ പൂർണമായി തകർന്നവർക്ക് പുനർനിർമാണത്തിന് സഹായവാഗ്ദാനങ്ങൾ ഒരുപാട് ലഭിക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് സഹകരണമേഖല നിർമിച്ചുനൽകുന്ന 2000 വീടുകൾ. സഹകരണസ്ഥാപനങ്ങൾ ലാഭത്തിന്റെ നല്ലൊരുപങ്ക് പൊതുനൻമയ്ക്കായി ഉപയോഗിക്കുകയാണ്. മനുഷ്യത്വപരമായ ഇടപെടലാണ് സഹകരണമേഖലയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ സഹകരണ സ്ഥാപനങ്ങളുടെ ലാഭം കമ്പനികളുടേത് പോലാണെന്ന് അംഗങ്ങൾ തെറ്റിദ്ധരിക്കരുത്.

ദുരന്തലഘൂകരണരീതികൾ നവകേരളനിർമാണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇത്തരം ശിൽപശാലകളും കൂട്ടായ്മകളും സഹായമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ലോകത്തിലെതന്നെ പ്രധാന ദുരന്തമാണ് കേരളം അഭിമുഖീകരിച്ച പ്രളയമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ട് വർഷം കൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല കേരളത്തിന്റെ നഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്ലാനിംഗ് ആൻറ് എക്കണോമിക് അഫയേഴ്‌സ് അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ദേശീയ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപക അംഗം പ്രൊഫ. എൻ. വിനോദ് ചന്ദ്രമേനോൻ, യു.എൻ.ഡി.പി സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർ ആനി ജോർജ് എന്നിവർ സംസാരിച്ചു. റവന്യൂ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ സ്വാഗതവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് നന്ദിയും പറഞ്ഞു.

സെമിനാറിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വിപുലമായ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിതര സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളുമുൾപ്പെട്ടതാണ് പ്രദർശനം. പ്രളയത്തിൽ സർക്കാരിനൊപ്പം ചേർന്ന് ദുരന്ത പ്രതിരോധ-പ്രതികരണ-പുനരധിവാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ സേവനം കാഴ്ചവച്ച സർക്കാരിതര സംഘടനകളെയും സ്ഥാപനങ്ങളെയും തുടർപ്രവർത്തനങ്ങളിലും പങ്കാളികളാക്കുന്നതിനുള്ള ചർച്ചകളും സെമിനാറിന്റെ ലക്ഷ്യമാണ്. സെമിനാർ ഇന്ന് (ഡിസംബർ നാല്) സമാപിക്കും

You might also like

-