ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിമീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിമീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.അതിനാൽ അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഈ മുന്നറിയിപ്പ് ഞായറാഴ്ച(19/08/2018) രാവിലെ 6 മണി മുതൽ അടുത്ത 24 മണിക്കൂർ വരെ ബാധകമായിരിക്കുമെന്നും വ്യക്തമാക്കുന്നു.
ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് എന്നിവ സംയുക്തമായിട്ടാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.