നിയമന തട്ടിപ്പുകേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ
തമിഴ്നാട് തേനിയിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അഖിൽ സജീവ് പിടിയിലായത്.പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖിൽ സജീവിനെ അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം| ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പുകേസിൽ മുഖ്യപ്രതിയായ അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പൊലീസാണ് പിടികൂടിയത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഖിൽ സജീവ് ഒളിവിൽപോയിരുന്നു. തമിഴ്നാട് തേനിയിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അഖിൽ സജീവ് പിടിയിലായത്.പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖിൽ സജീവിനെ അറസ്റ്റ് ചെയ്തത്. സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം നൽകിയ പരാതിയിലാണ് അറസ്റ്റ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖിൽ സജീവ് പണം തട്ടിയെടുത്തതായി നേതൃത്വം പരാതി നൽകിയിരുന്നു.
കന്യാകുമാരി ഭാഗത്ത് അഖിൽ ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മലപ്പുറം സ്വദേശിയായ ഹരിദാസൻ നൽകിയ പരാതി റിപ്പോർട്ടർ ടിവി വാർത്തയാക്കിയതിന് പിന്നാലെയാണ് അഖിൽ സജീവിനെതിരായ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നത്.ഹരിദാസന്റെ മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചത് അഖിൽ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.