ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും

ഒന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു ഡോവലിന്റെ നിയമനം

0

ഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഒന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു ഡോവലിന്റെ നിയമനം.

ഉറിയിൽ ഭീകരർ നടത്തിയ ആക്രമണത്തിന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെയും പുൽവാമയ്ക്ക് ഇന്ത്യ നൽകിയ തിരിച്ചടിയുടെയും പിന്നിൽ പ്രവർത്തിച്ചത് ഡോവലിന്റെ കൂർമ്മ ബുദ്ധി തന്നെയായിരുന്നു. പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത വ്യോമസേനയുടെ പൈലറ്റ് അഭിനന്ദനെ ഉപാധികളില്ലാതെ മോചിപ്പിക്കാൻ പാക് സർക്കാർ തയ്യാറായതിനു പിന്നിൽ പ്രവർത്തിച്ചതും ഡോവലായിരുന്നു.

ഇറാഖിലെ തിക്രിത്ത് ഐസിസ് ഭീകരർ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്സുമാരെ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇറാഖിൽ നേരിട്ടെത്തിയ ഡോവൽ അവിടെ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയാണ് ഇതു സാധ്യമാക്കിയത്.

മണിപ്പൂരിൽ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാൻമറിൽ കയറിയാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ആസൂത്രണമായിരുന്നു.

1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഡോവൽ. 33 വർഷം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്ത ഡോവൽ പത്തുവർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു. 1988 ൽ രാജ്യം പരമോന്നത ബഹുമതികളിലൊന്നായ കീർത്തിചക്ര നൽകി ആദരിച്ചു. അന്നുവരെ സൈനികർക്ക് മാത്രം നൽകി വന്നിരുന്ന കീർത്തിചക്ര ആദ്യമായായിരുന്നു ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിച്ചത്.

You might also like

-