എയിംസിലെ നഴ്സുമാരുടെ സമരം പിന്‍വലിച്ചു
കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് സുരക്ഷാനടപടികൾ ഉറപ്പാക്കുക, ശമ്പള പരിഷ്ക്കരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം
ഡൽഹി: എയിംസിലെ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു. ഡൽഹി ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് തീരുമാനം. എയിംസ് അധികൃതരാണ് കോടതിയെ സമീപിച്ചത്. ജനുവരി 18 ന് കേസ് വീണ്ടും പരിഗണിക്കും. രാവിലെ സമരക്കാർക്കു നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ മലയാളി നഴ്സിന് പരുക്കേറ്റു. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് സുരക്ഷാനടപടികൾ ഉറപ്പാക്കുക, ശമ്പള പരിഷ്ക്കരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്ക്കരിച്ച് നടക്കുന്ന സമരത്തില്‍ എയിംസിന്‍റെ പ്രവര്‍ത്തനം താളം തെറ്റി. കോവിഡ് മാഹാമാരിക്കാലത്ത് രോഗികളെ പ്രതിസന്ധിയിലാക്കി നടത്തുന്ന സമരത്തെ അപലപിക്കുന്നതായി എയിംസ് ഡയറക്ടര്‍ പ്രതികരിച്ചു. സമരക്കാരുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും എയിംസ് അധികൃതരും സര്‍ക്കാരും പരിഗണിച്ചതാണ്. നഴ്സുമാരുടെ പരാതി കേള്‍ക്കുകയോ, പരിഹരിക്കുകയോ ചെയ്യുന്നതിന് പകരം സമരം നേരിടാന്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുകയാണെന്ന് യൂണിയന്‍ ആരോപിക്കുന്നു.
അതേസമയം കഴിഞ്ഞ ഏഴ് മാസക്കാലമായി കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന ഡോക്ടർമാർക്ക് ഇനി അവധി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. തുടർച്ചയായ ജോലി ഒരുപക്ഷെ അവരെ മാനസികമായി ബാധിച്ചിട്ടുണ്ടായിരിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
“കഴിഞ്ഞ 7 -8 മാസക്കാലമായി യാതൊരു ഇടവേളയുമില്ലാതെ തുടർച്ചയായ ജോലിയിലാണ് ഡോക്ടർമാർ. വളരെ വേദനാജനകാമാണത്. ഒരുപക്ഷെ അവരെയത് മാനസികമായി ബാധിച്ചിട്ടുണ്ടാകാം. നിങ്ങൾ നിർദ്ദേശം സ്വീകരിച്ച് അവർക്ക് കുറച്ച് അവധി കൊടുക്കൂ.” സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയോട് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. കോടതിയുടെ നിർദ്ദേശം സ്വീകരിച്ച് കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് അവധി നൽകുമെന്ന് തുഷാർ മെഹ്ത ഉറപ്പ് നൽകി.
രാജ്യത്തെ ആശുപത്രികളിൽ സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിക്ക് തീ പിടിച്ച് നിരവധി രോഗികൾ മരിക്കാനിടയായ സംഭവം ഇതിനുദാഹരണമാണെന്നും കോടതി പറഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിനെ കുറിച്ചും കോടതി പരാമർശിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിൽ കോടതി ആശങ്ക പങ്കുവെക്കുകയും ചെയ്തു.