തെരെഞ്ഞെടുപ്പ് പരാജയം രാജിയിൽ ഉറച്ച് രാഹുൽ ഗാന്ധി
രാഹുൽ രാജി വയ്ക്കേണ്ടതില്ലെന്ന് മൻമോഹൻ സിംഗും പ്രിയങ്കാ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും നിലപാടെടുത്തെന്നാണ് വിവരം.
ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങാൻ തയ്യാറാണെന്ന് കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലും ആവര്‍ത്തിച്ച് രാഹുൽ ഗാന്ധി. എന്നാൽ രാഹുൽ രാജി വയ്ക്കേണ്ടതില്ലെന്ന് മൻമോഹൻ സിംഗും പ്രിയങ്കാ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും നിലപാടെടുത്തെന്നാണ് വിവരം. ഇപ്പോൾ രാജി വയ്ക്കുന്നത് താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് നല്ല സന്ദേശം നൽകില്ലെന്നും തീരുമാനം മാറ്റണമെന്നും സോണിയാഗാന്ധി രാഹുലിനോട് നേരത്തേ വ്യക്തമാക്കിയിരുന്നു.
രാജി പ്രവർത്തക സമിതി ഏകകണ്ഠമായി തള്ളിക്കളഞ്ഞിട്ടും, തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി. ഇനി വേണ്ട നടപടികളെടുക്കാൻ രാഹുലിനെ ചുമതലപ്പെടുത്തിയാണ് യോഗം പ്രമേയം പാസ്സാക്കിയത്. ഇനിയെന്ത് വേണമെന്ന തീരുമാനത്തിലെത്താനാകാതെ നിൽക്കുകയാണ് കോൺഗ്രസിപ്പോൾ.ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പുറത്തു വന്ന അന്നു തന്നെ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാൻ രാഹുൽ സന്നദ്ധത അറിയിച്ചിരുന്നു. അന്ന് എഐസിസി പ്രവർത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. അന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ സംസാരിക്കുന്ന പോഡിയത്തിന് പുറത്ത് പ്രിയങ്കാ ഗാന്ധിയും നിൽക്കുന്നത് കാണാമായിരുന്നു. ആശങ്ക നിറഞ്ഞ മുഖവുമായാണ് അന്ന് പ്രിയങ്ക രാഹുലിന്‍റെ വാർത്താ സമ്മേളനത്തിനിടെ നിന്നത്.
അതേസമയം വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മികച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ചതിന് കേരളത്തിലെ ജനങ്ങളോട് രാഹുൽ നന്ദിയും പറഞ്ഞു. അമേഠിയിലെ തോൽവി അംഗീകരിക്കുന്നതായി പറഞ്ഞ രാഹുൽ സ്നേഹത്തോടെ സ്മൃതി സ്വന്തം മണ്ഡലം നോക്കട്ടെയെന്ന് ആശംസിക്കുന്നതായും പറഞ്ഞു.
”കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നന്ദി. നരേന്ദ്രമോദി അധികാരത്തിൽ തുടരണമെന്ന് ജനങ്ങൾ തീരുമാനിച്ചു, അതിനെ ബഹുമാനിക്കുന്നു. ഇന്ന് തന്നെ ജനവിധിയെക്കുറിച്ച് വിശദമായി സംസാരിക്കാനാഗ്രഹിക്കുന്നില്ല. ഇത് ആശയങ്ങളുടെ പോരാട്ടമാണ്, പ്രവർത്തകർ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്. ഭയപ്പെടരുത്, പോരാട്ടം അവസാനിക്കുന്നില്ല”, രാഹുൽ പറഞ്ഞു
സൂററ്റിലെ അഗ്നി ബാധയുടെ ഞെട്ടിപ്പിക്കുന്ന ഭീകര ദൃശ്യങ്ങൾ