രാമക്ഷേത്ര പ്രതിഷ്ഠാ അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി
രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ടതില്ലെന്നും അതിൽ ഉചിതമായ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും അതുവരെ പരസ്യമായ പ്രതികരണം ഒന്നും നടത്തരുതെന്നും ദീപാ ദാസ് മുൻഷി നിർദേശിച്ചു.
തിരുവനന്തപുരം | രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെക്കുറിച്ച് അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. വിവാദ വിഷയങ്ങളിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ദീപാ ദാസ് മുൻഷി യോഗത്തിൽ നിർദേശം നൽകി. വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും.രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ടതില്ലെന്നും അതിൽ ഉചിതമായ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും അതുവരെ പരസ്യമായ പ്രതികരണം ഒന്നും നടത്തരുതെന്നും ദീപാ ദാസ് മുൻഷി നിർദേശിച്ചു. ഇതേ തുടർന്ന് രാവിലെ പത്ത് മുതൽ നടക്കുന്ന എക്‌സിക്യുട്ടീവ് യോഗത്തിൽ നേതാക്കൾ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചർച്ച ഒഴിവാക്കി
ഇന്ന് നടന്ന കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തിൽ ചില നേതാക്കൾ രാമക്ഷേത്ര വിഷയം ഉയർത്തിക്കാട്ടി. ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ വൈകുന്ന ഓരോ നിമിഷവും കേരളത്തിലെ കോൺഗ്രസിന് പ്രതിസന്ധിയുണ്ടാകും, സിപിഐഎം ഇത് രാഷ്ട്രീയമായി മുതലെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. അപ്പോഴാണ് ദീപാ ദാസ് മുൻഷി ഇവർക്ക് മുന്നറിയിപ്പ് നൽകിയത്.രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങുമായി ബന്ധപ്പെട്ട് നേരത്തെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നേതാക്കൾ പരസ്യ പ്രതികരണത്തിന് മുതിരരുതെന്ന് എഐസിസി നിർദേശിച്ചിരുന്നു. ആവശ്യമായ സന്ദർഭത്തിൽ എഐസിസി നേതൃത്വം ഇക്കാര്യത്തിൽ ഔദ്യോഗിക നിലപാടെടുക്കുമെന്നും അറിയിച്ചിരുന്നു.