വയനാട് സീറ്റിനെ ചൊല്ലി കോൺഗ്രസ്സിൽ എ- ഐ ഗ്രൂപ് പോര് മുറുകുന്നു
പോര് ശക്തമാക്കിയ ഗ്രൂപ്പുകൾ ശക്തി പരസ്പരം പാര വെക്കുമോ എന്ന ആശങ്കയും മുല്ലപ്പള്ളിക്കുണ്ട്. സുധീരനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഇറക്കാൻ കൈ കോർത്ത എ ഐ ഗ്രൂപ്പുകൾ ഏറേ നാൾ തുടർന്നിരുന്ന സമവായമാണ് ഇപ്പോൾ പൊളിഞ്ഞത്.
ഡൽഹി :വയനാട് സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകൾ തുറന്ന പോരിലേക്ക് നീങ്ങുന്നു. വയനാട്ടിൽ ടി സിദ്ദിഖിന് സീറ്റ് വേണമെന്ന് നിർബന്ധം പിടിച്ച ഉമ്മൻചാണ്ടിയാണ് പ്രശ്ങ്ങൾക്കു കാരണം എന്ന് ഐ ഗ്രൂപ്പ് വാദിക്കുമ്പോൾ പാലക്കാടും കാസര്‍കോടും വിട്ടു വീഴ്ച്ച ചെയ്തിട്ടും വയനാട്ടിൽ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്‍റെ വാദം.അതേസമയം സീറ്റു തർക്കത്തെ കുറിച്ച് പ്രതികരിക്കാതെ ഉമ്മൻചാണ്ടി ഒഴിഞ്ഞിമാറി.
തെരെഞ്ഞെടുപ്പ് അടുത്തതോടെ സീറ്റിനെ ചൊല്ലി രൂപം കൊണ്ട അഭിപ്രായ വ്യത്യാസം ഐ പോര് പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുകയാണ് . വയനാട് സിദിഖിനായി ഉമ്മൻചാണ്ടി കടും പിടുത്തം പിടിച്ചതിൽ ചെന്നിത്തലക്ക് കടുത്ത അമർഷമുണ്ട്. സിദ്ദിഖിനെ വടകര ഇറക്കി വയനാട് ഷാനി മോൾക്ക് നൽകണമെന്ന ഐ ഗ്രൂപ്പ് ഫോർമുലക്കും എ വഴങ്ങിയില്ല.എന്നാൽ ഗ്രൂപ്പിന്‍റെ പേരിൽ അല്ല സിദ്ദിഖിനായി നിർബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി. കഴിഞ്ഞ തവണ കാസര്‍കോട് പൊരുതി തോറ്റ സിദ്ദിഖിന് ജയ സാധ്യത ഉള്ള സീറ്റ് നൽകാനായിരുന്നു ശ്രമം എന്നാണ് എ വിശദീകരണം. നേരത്തെ സതീശൻ പാച്ചേനി മത്സരിച്ച പാലക്കാടും സിദ്ദിഖ് മത്സരിച്ച കാസര്‍കോടും നൽകിയ വിട്ടു വീഴ്ച്ച ഐ ഗ്രൂപ്പ് പരിഗണിക്കുന്നില്ല എന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.
ഗ്രൂപ്പിന് അതീതമായി ജയസാധ്യത മാനദണ്ഡം എന്ന് പറഞ്ഞ കെപിസിസി അധ്യക്ഷനും ഇപ്പോഴത്തെ തർക്കത്തിൽ അസംതൃപ്തനാണ്. പോര് ശക്തമാക്കിയ ഗ്രൂപ്പുകൾ ശക്തി പരസ്പരം പാര വെക്കുമോ എന്ന ആശങ്കയും മുല്ലപ്പള്ളിക്കുണ്ട്. സുധീരനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഇറക്കാൻ കൈ കോർത്ത എ ഐ ഗ്രൂപ്പുകൾ ഏറേ നാൾ തുടർന്നിരുന്ന സമവായമാണ് ഇപ്പോൾ പൊളിഞ്ഞത്.