മൊറട്ടോറിയം ഉത്തരവ് ഇറക്കാത്തതിനെതിരെ? ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം
മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങുന്നതാണ് പതിവെന്ന് വി എസ് സുനിൽകുമാർ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ വർഷം ഇറക്കിയ ഉത്തരവിന് ഏഴ് മാസം ഇനിയും കാലവധിയുണ്ടന്ന് ചീഫ് സെക്രട്ടറിയുടെ പ്രതികരണം
തിരുവനന്തപുരം: കടക്കെണിയിൽ പെട്ട കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് സമയബന്ധിതമായി ഇറക്കാത്തതിന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എന്ത് കൊണ്ടാണ് വൈകിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
ഉത്തരവ് ഇറക്കാൻ വൈകിയതിന് കൃഷിമന്ത്രി ഇന്നലെ പരസ്യമായി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങുന്നതാണ് പതിവെന്ന് വി എസ് സുനിൽകുമാർ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ വർഷം ഇറക്കിയ ഉത്തരവിന് ഏഴ് മാസം ഇനിയും കാലവധിയുണ്ടന്ന് ചീഫ് സെക്രട്ടറിയുടെ പ്രതികരണം. അതേസമയം ഒരു കർഷകനെതിരെയും ജപ്തി നടപടി ഉണ്ടാകില്ലെന്നും ഉത്തരവ് ഇറങ്ങാത്തത് സാങ്കേതികം മാത്രമാണെന്നും കൃഷി മന്ത്രി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്ന വലിയ തീരുമാനങ്ങൾ പാടില്ലെന്ന നിബന്ധന അനുസരിച്ചാണ് ഉത്തരവ് ഇറക്കാത്തെതെന്നാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. കഴിഞ്ഞ വർഷം ഇറക്കിയ ഉത്തരവ് അനുസരിച്ച് കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം ഈ വർഷം ഒക്ടോബർ 11 വരെ ഉണ്ട്. അതിനാൽ പുതിയ ഉത്തരവ് വൈകിയാലും കർഷകർക്ക് അതിന്‍റെ പേരിൽ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് ചീഫ് സെക്രട്ടറി വിശദീകരിച്ചത്