പ്രളയക്കെടുതി കേരളം കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു
കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരം 2101.9 കോടിയാണ് സംസ്ഥാനത്തിന്റെ നഷ്ടം.
തിരുവനന്തപുരം :പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനം. നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന് സര്‍ക്കാര്‍ വിശദമായ നിവേദനം കൈമാറി.
നാല് ദിവസമായി കേരളത്തിലുള്ള കേന്ദ്ര സംഘം പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമാണ് റവന്യു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരം 2101.9 കോടിയാണ് സംസ്ഥാനത്തിന്റെ നഷ്ടം. എന്നാല്‍ യഥാര്‍ഥ നാശനഷ്ടം ഇതിലും പതിന്മടങ്ങാണ്. അതുകൊണ്ട് പ്രത്യേക പാക്കേജ് കൊണ്ട് മാത്രമെ ഗുണമുള്ളൂ എന്നും അതിന് സഹായകരമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്നും കേരളം അഭ്യര്‍ഥിച്ചു.
കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലാണ് കേന്ദ്ര സംഘമെത്തിയത്. റവന്യു മന്ത്രിക്ക് പുറമെ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.