പശ്ചിമബംഗാളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.

അമിത് ഷായുടെ ‘ജയ് ശ്രീറാം’ റാലിയില്‍ അക്രമങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഒരു ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറച്ചിരുന്നു.

0

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അമിത് ഷായുടെ ‘ജയ് ശ്രീറാം’ റാലിയില്‍ അക്രമങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഒരു ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറച്ചിരുന്നു. ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരം തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

മേയ് 19ന് പശ്ചിമ ബംഗാളിലെ അവസാനഘട്ട തെരഞ്ഞെടുപ്പില്‍ 9 സീറ്റുകളാണ് വിധിയെഴുതുക. ഇത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷഭരിതമായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം ഇന്ന് രാത്രി 10 മണിവരെയേ പരസ്യപ്രചാരണം നടത്താന്‍ കഴിയൂ. നാളെയും മറ്റന്നാളും നിശബ്ദപ്രചാരണമായിരിക്കും. കനത്ത സുരക്ഷയും മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

അതേസമയം, പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ആര്‍ എസ് എസിന്റെ ആളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉള്ളതെന്നും,അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ചതെന്നുമാണ് മമതയുടെ വാദം .

സംസ്ഥാനത്തെ പൊലീസ് സേനയെ ഇരുട്ടില്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത്. തീര്‍ത്തും ഏകപക്ഷീയമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഒരൊറ്റ പരാതിയില്‍ പോലും കമ്മീഷന്‍ നടപടിയെടുത്തിട്ടില്ല.

ബിജെപിക്ക് വേണ്ടിയാണ് കമ്മീഷന്‍ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ബിജെപി പശ്ചിമബംഗാളില്‍ പ്രചാരണം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതെന്നും മമത പറഞ്ഞു .

കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് റാലിയ്‌ക്കെതിരെ തൃണ്മൂല്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു . ഇതേ തുടര്‍ന്നാണ് പശ്ചിമ ബംഗാളിലെ പരസ്യ പ്രചാരണം അവസാനിപ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത് .

You might also like

-