സ്വപ്നയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ,ഷാജ് കിരണിനെ അറിയില്ല

മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി തന്നെ സമ്മർദ്ദത്തിലാക്കാൻ ഷാജ് കിരൺ ശ്രമിച്ചതായി ആവർത്തിച്ച് സ്വപ്ന. ഷാജ് കിരണിനെ അറിയാം. ശിവശങ്കർ ആണ് പരിചയപ്പെടുത്തിയത്.

0

കൊച്ചി | സ്വപ്നയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ. ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി ഒരു ബന്ധമില്ലെന്നും വിജയ് സാഖറെ പറഞ്ഞു. സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു. ഷാജ് കിരണിന്‍റെ ഫോണില്‍ എഡിജിപി നിരന്തരം വിളിച്ചിരുന്നു എന്നാണ് ഇന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

അതേസമയം സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഡാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ് പിയും 10 ഡിവൈഎസ്‍പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോർജ്ജും ചേർന്നുള്ള ഗൂഡാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന കെ ടി ജലീലിന്‍റെ പരാതി അന്വേഷിക്കാനാണ് വൻ സംഘം. കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് അതിവേഗം പ്രത്യേക സംഘം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻെറ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുധനനാണ്. പി സി ജോർജ്ജിനെയും സ്വപ്നയെയും സരിത എസ് നായരെയും സംഘം വൈകാതെ ചോദ്യം ചെയ്യും.

അതേസമയം മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി തന്നെ സമ്മർദ്ദത്തിലാക്കാൻ ഷാജ് കിരൺ ശ്രമിച്ചതായി ആവർത്തിച്ച് സ്വപ്ന. ഷാജ് കിരണിനെ അറിയാം. ശിവശങ്കർ ആണ് പരിചയപ്പെടുത്തിയത്. കുറെ വർഷങ്ങളായി ബന്ധമില്ലായിരുന്നു. അശ്വത്ഥാമാവ് ഒരു ആന എന്ന പുസ്തകം ഇറങ്ങിയതിന് പിന്നാലെ തന്റെ നമ്പർ എടുത്ത് വിളിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് ബന്ധം പുന:സ്ഥാപിച്ചതെന്നും സ്വപ്‌ന പറഞ്ഞു.
സരിത്തിനെ അറസ്റ്റ് ചെയ്യുന്നതിന് തലേന്ന് ഷാജ് കിരണിനെയും ഇബ്രാഹിമിനെയും കണ്ടിരുന്നു. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെ ഷാജ് കിരൺ നിർബന്ധമായി കാണണമെന്ന് പറഞ്ഞു. പാലക്കാട് -തൃശൂർ റൂട്ടിൽ അവരുടെ ഒരു പ്ലോട്ടിൽ പോയി. സരിത്തും ഡ്രൈവർ അനീഷും ഷാജ് കിരണും ഇബ്രാഹിമുമാണ് ഉണ്ടായിരുന്നത്. രാത്രി ഭക്ഷണം വാങ്ങിത്തന്നതും ഷാജ് കിരൺ ആണ്. അതിനിടെ സരിത്തിനോട് ഷാജ് കിരൺ പറഞ്ഞത് ഇയാളെ നാളെ പൊക്കുമെന്നാണ്.

അതുകഴിഞ്ഞ് പാലക്കാട് ചെന്ന് ടിവി ഓൺ ചെയ്തു നോക്കുമ്പോൾ പിസി ജോർജ്ജും സരിത്തുമായുളള ഫോൺ സംഭാഷണമാണ് കേൾക്കുന്നത്. അത് കഴിഞ്ഞ് രാവിലെ മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സരിത്തിനെ പോലീസുകാർ തട്ടിക്കൊണ്ടുപോയത്.

അങ്ങനെയാണ് ഷാജ് കിരണിനെ വിളിച്ചത്. വിഷമിക്കേണ്ട 45 മിനിറ്റിനുളളിൽ അല്ലെങ്കിൽ
ഒരു മണിക്കൂറിനുളളിൽ സരിത്തിനെ വിട്ടയയ്‌ക്കുമെന്നായിരുന്നു ഷാജ് കിരൺ പറഞ്ഞത്. എങ്ങനെയെന്ന് ചോദിച്ചപ്പോൾ അതൊന്നും താൻ അറിയണ്ടെന്നും പറഞ്ഞു. വിജിലൻസ് ആണ് സരിത്തിനെ കൊണ്ടുപോയതെന്ന് മാദ്ധ്യമങ്ങൾ അറിയുന്നതിന് മുൻപ് ഷാജ് കിരൺ തന്നെ അറിയിച്ചു.

അന്ന് ഉച്ച മുതൽ വൈകിട്ട് വരെ ഷാജ് കിരണും ഇബ്രാഹിമും തന്റെ ഓഫീസിൽ ഉണ്ടായിരുന്നു. 164 പ്രകാരം താൻ നൽകിയ മൊഴി പിൻവലിക്കാനായിരുന്നു സമ്മർദ്ദം. ഇതിനിടെ രണ്ട് എഡിജിപിമാർ ഇവരെ 56 തവണയെങ്കിലും വിളിച്ചതായും ഇരുവരും പറഞ്ഞതായി സ്വപ്‌ന വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാർ എന്നയാൾ ഇന്ന് രാവിലെയോ വൈകുന്നേരമോ വരുമെന്നും അവരുമായി സംസാരിച്ച് അവർ പറയുന്നത് കേൾക്കണമെന്നും യാത്രാ വിലക്കും കേസും എല്ലാം അതോടെ തീർത്തു തരുമെന്നുമായിരുന്നു ഷാജ് കിരണിന്റെ വാക്കുകളെന്നും സ്വപ്‌ന പറഞ്ഞു.

നികേഷ് കുമാർ മാദ്ധ്യമപ്രവർത്തകനാണോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സ്വപ്‌നയുടെ മറുപടി. ഷാജ് കിരൺ പറഞ്ഞത് ആരുടെയൊക്കെ പേരുകളാണെന്ന് തനിക്ക് അറിയില്ല. തന്നെ അറസ്റ്റ് ചെയ്താൽ ഹറാസ്‌മെന്റ് ഉണ്ടാകും. അതുകൊണ്ടാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ അഭിഭാഷകനോട് പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു.

You might also like

-