എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നും മാറ്റി

എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഉണ്ടായിട്ടും അതൊന്നും പറയാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വർത്താകുറിപ്പ് ഇറക്കിയത്. ഇന്നലെ രാത്രി സെക്രട്ടറിയേറ്റിലെത്തിയാണ് എംആർ അജിത് കുമാറിൻ്റെ മാറ്റം മുഖ്യമന്ത്രി ഫയലിൽ കുറിച്ചത്

തിരുവനന്തപുരം | വൻ പ്രതിഷേധത്തിനു ഒടുവിൽ എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നും മാറ്റി .ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു.എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഉണ്ടായിട്ടും അതൊന്നും പറയാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വർത്താകുറിപ്പ് ഇറക്കിയത്. ഇന്നലെ രാത്രി സെക്രട്ടറിയേറ്റിലെത്തിയാണ് എംആർ അജിത് കുമാറിൻ്റെ മാറ്റം മുഖ്യമന്ത്രി ഫയലിൽ കുറിച്ചത്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനും സായുധ ബറ്റാലിയന്റെ ചുമതല നിലനിർത്താനും ഫയലിൽ എഴുതിയ ശേഷം മുഖ്യമന്ത്രി അത് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അജിത് കുമാറിനെതിരെ നടപടി. ആരോപണം വന്ന് 36-ാം ദിനമാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടാകുന്നത്. അജിത് കുമാറിന് പകരം ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.കഴിഞ്ഞ ദിവസമാണ് ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. അഭ്യന്തര സെക്രട്ടറിക്കായിരുന്നു റിപ്പോര്‍ട്ട് കൈമാറിയത്. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഗുരുതര വീഴ്ചയായി കാണുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. കൂടിക്കാഴ്ച വ്യക്തിപരമായ ആവശ്യമാണെന്ന അജിത് കുമാറിന്റെ വാദവും ഡിജിപി തള്ളി. എഡിജിപിയുടേത് രഹസ്യ കൂടിക്കാഴ്ചയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എഡിജിപി എം ആർ അജിത് കുമാർ രണ്ട് പ്രമുഖ ആർഎസ്എസ് നേതാക്കളുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദർശനം ആണെന്നായിരുന്നു വിശദീകരണം. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം ആർ അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.

എഡിജിപിയെ മാറ്റിയ രീതിയിൽ എൽ‍ഡിഎഫ് ഘടകകക്ഷികൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. നടപടി വൈകിപ്പോയെന്ന് സിപിഐയും ആർജെഡിയും പറയുന്നു. പേരിനുള്ള മാറ്റത്തിന് എന്തിനു ഒരു മാസമെന്നാണ് ചോദ്യം ഉയരുന്നത്. അതേസമയം, മനോജ് എബ്രഹാമിന് ഉടൻ ഇൻ്റലിജൻസ് ഒഴിയാൻ ആകില്ല. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ പകരം ചുമതല നൽകാതെ ഒഴിയാൻ ആവില്ല. അടിയന്തര പ്രമേയങ്ങളിലെ മറുപടിയും സഭ ചോദ്യങ്ങളുടെ മറുപടിയും ഒക്കെ തയാറാവേണ്ട സമയത്ത് ഇൻ്റലിജൻസ് മേധാവിയെ മാറ്റുക എളുപ്പമല്ല. എംആർ അജിത്കുമാർ ക്രമസമാധാന ചുമതലയിലേക്ക് വീണ്ടും എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം

You might also like

-