കൂട്ടിക്കൽ ദുരന്തം മേഘ സ്ഫോടനം

മണിക്കൂറിൽ പത്തു സെന്റിമീറ്റർ മഴ പെയ്യുന്നതിനെയാണ് പൊതുവെ മേഘവിസ്ഫോടനമെന്നു പറയുന്നത്. അത് കേരളത്തിൽ ഉണ്ടാകാറില്ല. എന്നാൽ, രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ കിട്ടുന്ന മഴയാണെങ്കിൽപ്പോലും അത് അപകടകരമാകും. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും അത് കാരണമാകും. ഇവിടെ അതാണുണ്ടായത്.

0

കോട്ടയം: ശനിയാഴ്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ‘ലഘു മേഘവിസ്ഫോടനം’ എന്ന പ്രതിഭാസം. കുറച്ചു സമയത്തിനുള്ളിൽ, ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്ത മഴയാണിത്.

2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിനും കാരണമായത് ഈ പ്രതിഭാസമായിരുന്നു. 2018-ലെയും 2019-ലെയും പെരുമഴകൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, യു.എസിലെ മയാമി യൂണിവേഴ്‌സിറ്റി, ഇന്ത്യൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജി എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ പഠനമാണ് അന്ന് ഈ നിഗമനത്തിലെത്തിച്ചത്.

എന്താണ് മേഘസ്ഫോടനം?

വളരെചെറിയ സമയത്തിനുള്ളിൽ, ഒരു ചെറിയ പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്ഫോടനം അഥവാ Cloud burst എന്നു വിളിക്കുന്നത്. പലപ്പോഴും മിനിറ്റുകൾ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കാറുണ്ട്. കാറ്റിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന മഴ പെട്ടെന്നു ശക്തിപ്രാപിക്കുകയും, ആ പ്രദേശത്തെയാകെ പ്രളയത്തിലാക്കുകയും ചെയ്യും. പൊതുവേപറഞ്ഞാൽ, മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്നു കരുതാം.മഴമേഘങ്ങളായ കുമുലോ നിംബസ് മേഘങ്ങളാണ്, മേഘസ്ഫോടനങ്ങൾക്കും കാരണമാകുന്നത്. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനം ഇതാണ്‌. എന്നാൽ മേഘസ്ഫോടനങ്ങൾക്ക് കാരണമാകുന്ന രീതിയിൽ രൂപപ്പെടുന്ന കുമുലോനിംബസ് മേഘങ്ങൾ ചില പ്രത്യേകതകളുള്ളവയായിരിക്കും എന്നുമാത്രം.

ഭൗമോപരിതലത്തിൽ നിന്ന് ഈർപ്പം നിറഞ്ഞ ഒരു വായൂപ്രവാഹം അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയർന്ന് ഘനീഭവിക്കുമ്പോഴാണ് ദൃഷ്ടിഗോചരമായ മേഘങ്ങൾ രൂപപ്പെടുന്നത്. സാധാരണയായി കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽനിന്നാരംഭിച്ച്‌ പതിനഞ്ചുകിലോമീറ്റർ ഉയരത്തിലുള്ള സീറസ് മേഖലവരെയെത്താം. ഇവയുടെ മുകളറ്റം വളരെ ഉയരത്തിൽ പടർന്നുകയറുന്ന ശക്തമായ കാറ്റായി കാണാവുന്നതാണ്‌. കേരളത്തിൽ തുലാമഴയുടെ സമയത്തും, കാലവർഷത്തിൽ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെ കാണാം

കേരളത്തിൽ 12-ാം തീയതി മഴ നിലച്ചതാണ്. അടുത്ത മൂന്നുദിവസം മഴയേ ഉണ്ടായില്ല. പിന്നീട്, ഇക്കഴിഞ്ഞ ഒറ്റ മഴയിലാണ് ഇത്രയും സംഭവങ്ങളുണ്ടായത്. കേരളത്തിന്റെ ആകാശം മുഴുവൻ ശനിയാഴ്ച കാർമേഘം നിറഞ്ഞിരുന്നു. അതുകൊണ്ട് പലയിടത്തും നല്ല മഴയും പെയ്തു. എന്നാൽ, ഈ മേഘത്തിൽത്തന്നെയുണ്ടായിരുന്ന, കൂടുതൽ തീവ്രമായ ചെറു മേഘക്കൂട്ടങ്ങളുള്ള സ്ഥലങ്ങളിലാണ് അതിശക്ത മഴയുണ്ടായതെന്ന് പഠനസംഘത്തിലുണ്ടായിരുന്ന കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറയുന്നു.

മണിക്കൂറിൽ പത്തു സെന്റിമീറ്റർ മഴ പെയ്യുന്നതിനെയാണ് പൊതുവെ മേഘവിസ്ഫോടനമെന്നു പറയുന്നത്. അത് കേരളത്തിൽ ഉണ്ടാകാറില്ല. എന്നാൽ, രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ കിട്ടുന്ന മഴയാണെങ്കിൽപ്പോലും അത് അപകടകരമാകും. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും അത് കാരണമാകും. ഇവിടെ അതാണുണ്ടായത്.

2018-ൽ പെരുമഴ പെയ്ത്, വെള്ളം ക്രമേണ ഉയർന്നു വരുന്നത് കാണാമായിരുന്നു. 2019-ലും ഇപ്പോഴും പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. ഉരുൾപൊട്ടൽ കൂടിയായപ്പോൾ ഭീകരത വർധിച്ചു. ഇതാണിപ്പോൾ കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ഉണ്ടായത്. പത്തനംതിട്ട, കോന്നി, സീതത്തോട്, പീരുമേട്, പൂഞ്ഞാർ എന്നിവിടങ്ങളിലെല്ലാം ഈ ഗണത്തിലുള്ള മഴയുണ്ടായി.

രണ്ടു മണിക്കൂറിനുള്ളിൽ പത്തു സെന്റീമീറ്ററിനടുത്തുവരെ ഇവിടെ പലയിടങ്ങളിലും മഴപെയ്തു. തീവ്രതയിൽ അൽപ്പം കുറഞ്ഞതും പക്ഷേ, അസാധാരണമായി കൂടുതൽ പ്രദേശങ്ങളെ ബാധിക്കുന്നതുമായ മേഘവിസ്ഫോടനം തന്നെയാണിതെന്ന് ഡോ. അഭിലാഷ് പറയുന്നു.

24 മണിക്കൂറിൽ കനത്ത മഴ

കേരളത്തിൽ പലയിടങ്ങളിലായി കഴിഞ്ഞ 22 മണിക്കൂറിൽ കനത്ത മഴ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് പീരുമേട്ടിലാണ്. 297.5 mm മഴയാണ് ഇവിടെ പെയ്തത്. കേരളത്തിൽ പലയിടങ്ങളിലായി പെയ്ത മഴയുടെ തോത് ചുവടെ:
പീരുമേട്: 297.5 mm
കീരംപാറ: 223 mm
തൊടുപുഴ: 203 mm

പൂഞ്ഞാർ: 164.5 mm
ചെറുതോണി: 161.5 mm
ചാലക്കുടി: 151.5 mm
സീതത്തോട്: 143 mm
പന്നിയൂർ: 140.5mm
മുവാറ്റുപുഴ: 132 mm
നീലേശ്വരം: (EKM) 131 mm
തെന്മല: 103 mm
കക്കയം: 100 mm
വൈന്തല: 97 mm
കോന്നി: 97 mm
വാഴക്കുന്നം: 90 mm
പട്ടാമ്പി KVK: 78 mm
പെരിങ്ങൽക്കുത്ത്: 76.5 mm
വെള്ളരിക്കുണ്ട്: 72.5 mm
ചെറുതാഴം: 70 mm
കൊട്ടാരക്കര: 70 mm
മൂന്നാർ: 69 mm
നോർത്ത് പറവൂർ: 61.5 mm
അഞ്ചൽ: 56.5 mm
പിലിക്കോട്: 55 mm
പള്ളുരുത്തി: 54 mm
ആലപ്പുഴ: 52.5 mm
മട്ടന്നൂർ: 51.5 mm
കുമരകം AFMU: 48.5 mm
കായംകുളം: 39.5 mm
വെസ്റ്റ് കല്ലട: 34.5 mm

You might also like

-