നടി വിൻസിയുടെ പരാതി ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന A.M.M.A.
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു
കൊച്ചി |ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന A.M.M.A.. സംഘടന അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടൻ ഉണ്ടായേക്കും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്.
അതേസമയം നടി വിൻസി അലോഷ്യസിനെ പ്രശംസിച്ച് ഡബ്ല്യൂസിസി. സഹനടനിൽ നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സിയുടെ ആത്മധൈര്യത്തിന് അഭിവാദ്യങ്ങളെന്നും സിനിമ സെറ്റുകളിൽ വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യത്തെയാണ് ഇതിലൂടെ അവർ ശ്രദ്ധയില്‍പ്പെടുത്തുന്നതെന്നും സംഘടന പറഞ്ഞു.ആഭ്യന്തരപരിശോധനാ സമിതിയുടെ ചുമതലകൾ എന്താണെന്നും ഡബ്ല്യൂസിസി ഓർമപ്പെടുത്തി. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം കേരള സര്‍ക്കാറും കൂടുതൽ ശക്തമായി തുടരേണ്ടതുണ്ടെന്നും വുമൺ ഇൻ
സിനിമ കളക്ടീവ് ആവശ്യപ്പെട്ടു.