അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്ന് മാറ്റിനിർത്തും
നിലവിൽ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീർക്കാൻ അനുവദിക്കും. അതിനു ശേഷം സിനിമകളിൽ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂർത്തിയാക്കാൻ അനുവദിക്കും. കരാറിൽ നിന്നും കൂടുതൽ വാങ്ങിയ തുക ശ്രീനാഥ് ഭാസി തിരിച്ചു നൽകും
കൊച്ചി| അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ സിനിമാ നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. ശ്രീനാഥ് ഭാസിക്കെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ശ്രീനാഥിനെതിരായ കേസിൽ പരാതിക്കാരിയായ ഓൺലൈൻ മാധ്യമപ്രവർത്തകയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. തെറ്റ് ശ്രീനാഥ് ഭാസി സമ്മതിച്ചുവെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇനി ഒരിക്കലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പറയുകയും വിഷയത്തിൽ ശ്രീനാഥ് ഭാസി പരാതിക്കാരിയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ശ്രീനാഥ് ഭാസിക്ക് നന്നാകാനുള്ള അവസരമാണ് സിനിമയിൽ നിന്നുള്ള മാറ്റി നിർത്തൽ. ചെയ്തു കൊണ്ടിരിക്കുന്ന സിനിമ നടന്‍ പൂർത്തിയാക്കും.
നിലവിൽ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീർക്കാൻ അനുവദിക്കും. അതിനു ശേഷം സിനിമകളിൽ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂർത്തിയാക്കാൻ അനുവദിക്കും. കരാറിൽ നിന്നും കൂടുതൽ വാങ്ങിയ തുക ശ്രീനാഥ് ഭാസി തിരിച്ചു നൽകും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാൽ തങ്ങളേക്കൊണ്ട് പറ്റുന്ന രീതിയിൽ നടപടിയെടുക്കുമെന്നും സംഘടന വ്യക്തമാക്കി.
ലഹരി മരുന്ന് ഉപയോഗം സിനിമയിൽ തുടരുന്നു. പൊലീസിന് സെറ്റുകളിൽ പരിശോധന നടത്താം. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തേക്കുറിച്ചുള്ള പോലീസ് അന്വേഷണങ്ങൾക്ക് പൂർണ്ണ പിന്തുണയെന്നും സംഘടന വ്യക്തമാക്കി.