ആഡംബര കപ്പലിലെ ലഹരി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വീണ്ടും ചോദ്യംചെയ്യും
നിലവിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് ആര്യനെതിരായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുടെ കൂടി അന്വേഷണ ചുമതല പ്രത്യേക സംഘത്തിനാണ്
മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വീണ്ടും ചോദ്യംചെയ്യും. ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം ആര്യൻ ഖാന് സമൻസയച്ചു. കൂട്ടുപ്രതികളായ അബ്ബാസ് മെർച്ചൻറ്, ആച്ചിത് കുമാർ എന്നിവരെയും എസ്‍ഐടി ചോദ്യംചെയ്യും.ആര്യന് പുറമേ മറ്റ് പ്രതികളായ അർബാസ് മെർച്ചന്റ്, അജിത് കുമാർ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവരും എൻസിബി ഓഫീസിൽ ഹാജരായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് പുറമേ മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
നിലവിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് ആര്യനെതിരായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുടെ കൂടി അന്വേഷണ ചുമതല പ്രത്യേക സംഘത്തിനാണ്. കഴിഞ്ഞ ദിവസമാണ് മുംബൈ എൻസിബിയിൽ നിന്നും പ്രത്യേക സംഘം കേസ് ഏറ്റെടുത്തത്. കേസിന്റെ ഗൗരവം പരിഗണിച്ചാണ് പ്രത്യേക സംഘം ഉണ്ടാക്കി അന്വേഷണം നടത്തുന്നത് എന്നാണ് എൻസിബി അറിയിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥൻ സജ്ഞയ് കുമാർ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ അന്വേഷണ ചുമതലയുണ്ടായിരുന്ന എൻസിബി മുംബൈ സോണൽ ഓഫീസർ സമീർ വാങ്കഡെയ്‌ക്കെതിരെ കോഴ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം ശക്തമായതിനിടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്.
കേസിൽ ജാമ്യ കിട്ടിയ ആര്യൻ ഖാൻ ഒക്ടോബർ 30 നാണ് ജയിൽ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകൾ നൽകിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.അതേസമയം ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തി. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തൽ.ആറുമാസമായി സുനിൽ പാട്ടീലിനൊപ്പം ജോലി ചെയ്യുകയാണ് വിജയ് പഗാരെ. ആര്യൻ അറസ്റ്റിലാവുന്നതിന് ദിവസങ്ങൾക്ക് മുൻപ് കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ മുംബൈയിൽ ഹോട്ടലിൽ തങ്ങിയാണ് പദ്ധതി തയ്യാറാക്കിയത്.