“വിസ്താരത്തിൻറെ പേരിൽ കോടതി മുറിയിൽ മാനസിക പീഡനം ” നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് എതിരെ സർക്കാരും
പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് അറിയിച്ചിട്ടും വിചാരണക്കോടതി കണക്കിലെടുക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും. പ്രതിക്ക് നല്‍കുന്ന പല രേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് അറിയിച്ചിട്ടും വിചാരണക്കോടതി കണക്കിലെടുക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിസ്താരത്തിൻറെ പേരിൽ കോടതി മുറിയിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്ന കാര്യം എന്ത് കൊണ്ട് ജഡ്ജിനെ അറിയിച്ചില്ലെന്ന കോടതി ചോദ്യത്തിനാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
വിചാരണക്കോടതി മാറ്റണമെന്ന് നടിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു.ഇര ഉയർത്തിയ ആരോപണങ്ങൾക്ക സമാനമായ ആരോപണമാണ് സർക്കാരും ഉയർത്തിയത്. ഇരയെ വിസ്തരിച്ചപ്പോൾ 20 അഭിഭാഷകരാണ് കോടതിയിൽ ഉണ്ടായിരുന്നതെന്ന് സർക്കാരും ചൂണ്ടിക്കാട്ടി.പ്രതികൾക്ക് നൽകുന്ന പല രേഖകളുടെയും പകർപ്പുകൾ പ്രോസിക്യൂഷന് നൽകുന്നില്ല. കോടതിയിൽ സംഭവിച്ച കാര്യങ്ങൾ സീൽഡ് കവറിൽ നൽകാൻ തയ്യാറാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ തന്നെ നീതി കിട്ടില്ല എന്ന് പറയുമ്പോൾ തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടിയും കോടതിയെ അറിയിച്ചു. കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹർജിയിലെ ആരോപണം.കേസ് തിങ്കളാഴ്ചയിലേയ്ക്ക് മാറ്റി.