ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവ്
കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്‌ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് കൊല്ലം കളക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു.
കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങി കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം റെയിഞ്ച് ഐജി സഞ്ജയ് കുമാർ ഗുരുഡിനാണ് ഉത്തരവിറക്കിയത്. വിവരം മറച്ചു വെച്ച ഗൺമാനെതിരെയും കേസെടുക്കും.കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്‌ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് കൊല്ലം കളക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു. ജില്ലാ കളക്ടർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്ത് ഇന്ന് റിപ്പോർട്ട് നൽകും. അറിയിക്കാതെ യാത്ര ചെയ്തത് നിയമ വിരുദ്ധമാണെന്നും സബ് കളക്ടറുടെ നടപടി നിരുത്തരവാദപരമാണെന്നും വിഷയം സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കൊല്ലം കളക്ടർ പറഞ്ഞു.
അതേസമയം, കൂടുതൽ സുരക്ഷിതം എന്ന നിലയ്ക്ക് നാട്ടിലേക്ക് മാറുകയായിരുന്നുവെന്നാണ് സബ് കളക്ടറുടെ വിശദീകരണം. ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്നും ബന്ധുക്കൾ ഒപ്പമില്ലാതിരുന്നതും നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നും അനുപം മിശ്ര പറയുന്നു.