തെളിവ് നശിപ്പിച്ചു ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്‍മയുടെ അമ്മയെയും അമ്മാവനെയും പ്രതികൾ
ഇരുവരും തെളിവ്ര നശിപ്പിക്കുന്നതിന് കൂട്ടുനിന്നതായി പോലീസ് കണ്ടെത്തിയതിനെത്തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു . ഷാരോണിനെ കൊലപ്പെടുത്തിയ കുറ്റം സമ്മതിച്ചതിനെത്തുടർന്നു ഗ്രീഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം | ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്‍മയുടെ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയിൽ . അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി കേസിൽ പ്രതിചേർത്തത് . ഇരുവരും തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനിന്നതായി പോലീസ് കണ്ടെത്തിയതിനെത്തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു . കഷായത്തിന്റെ കുപ്പിയടക്കം ഇവർ നശിപ്പിച്ചെന്ന് പോലീസ്. ഷാരോൺ രാജിന്റെ മരണമറിഞ്ഞതോടെ ഇരുവർക്കും ഗ്രീഷ്മയെ സംശയമായി. തുടര്‍ന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു.
ഷാരോണിനെ കൊലപ്പെടുത്തിയ കുറ്റം സമ്മതിച്ചതിനെത്തുടർന്നു ഗ്രീഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തു . ആശുപത്രിയിൽവെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലിരിക്കേ ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്‍മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി. 24 മണിക്കൂര്‍ നിരീക്ഷണത്തിൽ തുടരും. ഷാരോണിന്റെ കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങിയേക്കുമെന്ന സൂചന വന്നതിനു പിന്നാലെ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യാൻ ഗ്രീഷ്മയെ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കേസിൽ കൂടുതൽ പേരെ പ്രതിചേര്‍ക്കുന്നത് അടക്കം നിര്‍ണ്ണായക നീക്കങ്ങളിലാണ് പൊലീസ്.
നെടുമങ്ങാട് ഡി വൈ എസ്‍ പി ഓഫീസിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ എസ്‍ പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് അടക്കം തുടര്‍ നടപടികളും പ്രതീക്ഷിച്ചിരിക്കെയായിരുന്നു നാടകീയ സംഭങ്ങൾ. സുരക്ഷക്ക് നാല് പൊലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡി വൈ എസ്‍ പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്.
സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പൊലീസുകാര്‍ ഗ്രീഷ്മയെ കൊണ്ടുപോയത് സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്ക്. അവിടെ വച്ചായിരുന്നു ആത്മഹത്യാശ്രമം. പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ ഛര്‍ദ്ദിച്ച ഗ്രീഷ്മയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാരായ നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെ സസ്പെൻഡ് ചെയ്തു.
അതേസമയം വീട്ടില്‍ നിന്നും താലി കെട്ടിയ ശേഷമുള്ള ഷാരോണിന്‍റെയും ഗ്രീഷ്മയുടെയും വീഡിയോ പുറത്തുവന്നു. ഷാരോണിന്‍റെ കുടുംബം വീഡിയോ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഷാരോണ്‍ ഗ്രീഷ്മയെ താലികെട്ടിയതിന് തെളിവ് ഇല്ലെന്ന് പൊലീസ് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇതിന് വീഡിയോ തെളിവുണ്ടെന്ന് ഷരോണിന്‍റെ കുടുംബം പറഞ്ഞിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ ബന്ധം കൂടുതൽ വഷളായി. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോണിനോട് പലകുറി പലരീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ കടുംകൈ ചെയ്തതെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.