പൂവച്ചലിൽ വിദ്യാർത്ഥിയെ കാറിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിൽ
ആദിശേഖറിനെ മനപൂർവം കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിനു പിന്നാലെ പ്രിയരഞ്ജൻ ഒളിവിലായിരുന്നു.ആദിശേഖറിനോട് പ്രതിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
തിരുവനന്തപുരം | പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖർ കാറിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിൽ. പ്രിയരഞ്ജൻ ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു.ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പ്രിയരഞ്ജന്റെ കാർ ഇടിച്ച് കാട്ടാക്കട ചിന്മയ മിഷൻ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ ആദി ശേഖർ മരിച്ചത്. സംഭവത്തിൽ പ്രിയരഞ്ജനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് നിർണായകമായത്.റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു പ്രിയരഞ്ജന്റെ കാർ. ഇതിന് മുന്നിലായി സൈക്കിളിൽ എത്തിയ ആദിശേഖർ മറ്റൊരു കുട്ടിയുമായി സംസാരിച്ചുനിൽക്കവെ ഇടിച്ചുവീഴ്ത്തി കാർ മുന്നോട്ടുപോകുകയായിരുന്നു. കാർ മനപൂർവം ഇടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങൾ.
ആദിശേഖറിനെ മനപൂർവം കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിനു പിന്നാലെ പ്രിയരഞ്ജൻ ഒളിവിലായിരുന്നു.ആദിശേഖറിനോട് പ്രതിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ആദിശേഖർ മുൻപ് പ്രതിയെ കളയാക്കിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് കുടുംബം സംശയിക്കുന്നത്. ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമായി പറയുന്നത്.പൂവച്ചൽ സ്വദേശിയാണ് പ്രതിയായ പ്രിയരഞ്ജൻ. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നത്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയരഞ്ജൻ ഓടിച്ച കാറിടിച്ച് മരിച്ചത്. സംഭവത്തിൽ ആദ്യം ആരും ദുരൂഹത സംശയിച്ചിരുന്നില്ല. എന്നാൽ സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകനെ കൊലപ്പെടുത്തിയതാണെന്ന് ആദിശേഖറിന്റെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകി. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.
പൂവച്ചൽ സർക്കാർ സ്കൂൾ അധ്യാപകനായ അരുൺ കുമാറും സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായ ദീപയുടെയും മകനാണ് ആദിശേഖർ. അഭിലക്ഷ്മിയാണ് ആദിശേഖറിന്‍റെ സഹോദരി.