കോഴിക്കോട് പയിമ്പ്രയില്‍ പിക്ക്പ് ലോറി വിദ്യാര്‍ത്ഥികളുടെ മേല്‍ മറിഞ്ഞു ,ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിക്കേറ്റത്.
കോഴിക്കോട്: പയിമ്പ്ര ഹയര്‍സെക്കണ്ടറി സ്കൂളില്‍ പിക്കപ് വാന്‍ മറിഞ്ഞ് ഏഴ് കുട്ടികള്‍ക്ക് പരിക്ക്. സ്കൂള്‍ കോമ്പൗണ്ടില്‍ വെച്ചാണ് അപകടമുണ്ടായത്. അമിതമായി ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണം. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.15 ഓടെയാണ് സംഭവം. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നും ഹൈസ്കൂളിലേക്ക് പോകുന്ന റോഡിലൂടെ നടന്ന് വരികയായിരുന്ന വിദ്യാര്‍ത്ഥികളുടെ നേരെ അമിതമായി ലോഡ് കയറ്റിയ പിക്കപ് വാന്‍ മറിയുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന ഓവുചാലിലേക്ക് വീണ കുട്ടികളുടെ മുകളിലേക്ക് വാനിലുണ്ടായിരുന്ന മരത്തടികള്‍ മറിഞ്ഞുവീണു. വാന്‍ തൊട്ടടുത്ത മതിലില്‍ ഇടിച്ച് നില്ക്കുകയും ചെയ്തു. മരത്തടികള്‍ മാറ്റിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
സ്കൂള്‍ പ്രവര്‍ത്തനസമയത്ത് കോമ്പൗണ്ടിലേക്ക് വാഹനം കയറ്റരുതെന്ന സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റിന്‍റെ നിര്‍ദ്ദേശം വാന്‍ ഡ്രൈവര്‍ അവഗണിച്ചതായും സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മന്ത്രി എ.കെ ശശീന്ദ്രന്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.