അഭിമന്യുവിന്റെ കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍; അറസ്റ്റിലായത് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലുവ സ്വദേശി

പിടിയിലായത് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം.

0

കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ കൂടി പൊലീസിന്റെ പിടിയില്‍. പിടിയിലായത് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം. ആലുവ സ്വദേശിയാണ് ഇയാള്‍. പിടിയിലായ വ്യക്തിയുടെ പേര് ആദില്‍ എന്നാണ് ലഭിക്കുന്ന വിവരം.
കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തന്നെ ഇയാള്‍ക്ക് ഒളിയിടം ഒരുക്കിനല്‍കിയതായി പൊലീസ് പറയുന്നു. കണ്ണൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത്ു എന്നതിന് പുറമെ ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി.
അഭിമന്യു കൊലപാതകത്തില്‍ 15 മുതല്‍ 17 പേരുടെ സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത് 12 പേരുടെ സംഘമാണ്. ഈ സംഘത്തിലെ പ്രധാനികളിലൊരാളാണ് പിടിയിലായത്.

കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരില്‍ പൊലീസ് പിടികൂടുന്ന ആദ്യത്തെ പ്രതിയാണ് ഇയാള്‍. മറ്റു മൂന്നു പേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്ക് ഒളിയിടം ഒരുക്കി നല്‍കിയിരിക്കുന്നതും എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പൊലീസ് നിഗമനം.

ആലപ്പുഴ എറണാകുളം ജില്ലകളില്‍ നിന്നായി 40 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത് വിവിധ സ്ഥലങ്ങളില്‍ നിന്ന് കൃത്യത്തിനായി നിയോഗിക്കപ്പെട്ടവരാണെന്നാണ് പൊലീസ് കണ്ടെത്തല്‍. അതുകൊണ്ടു തന്നെ ഗൂഢാലോചന നടന്നുവെന്ന് സുവ്യക്തം.

ഗൂഢാലോചനയില്‍ പങ്കെടുത്തത് ആരൊക്കെ, അഭിമന്യുവിനെ കുത്തിയത് ആര്, മുഹമ്മദ് എന്ന പേരില്‍ രണ്ട് അംഗങ്ങള്‍ സംഘത്തിലുണ്ടായിരുന്നതില്‍ അഭിമന്യുവിനെ കുത്തിയത് ഏത് മുഹമ്മദ് എന്നു തുടങ്ങിയ അന്വേഷണങ്ങള്‍ക്ക് ഇതോടെ ഉത്തരം ലഭിക്കുമെന്ന് പൊലീസ് കരുതുന്നു.

You might also like

-