ഫാദർ തോമസ് കോട്ടൂർ തന്നോട് കുറ്റസമ്മതം നടത്തിയെന്ന് സാക്ഷി കളർകോട് വേണുഗോപാൽ
കേസിൽ ഏഴാം സാക്ഷിയാണ് സാമൂഹ്യ പ്രവർത്തകനായ കളർകോട് വേണുഗോപാൽ
കോട്ടയം ;സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികള്‍ കോട്ടയം ബിഷപ്പ് ഹൗസിൽ വച്ച് കുറ്റസമ്മതം നടത്തിയിരുന്നുവെന്ന് സാക്ഷി മൊഴി
കേസിലെ പ്രതി ഫാദർ തോമസ് കോട്ടൂർ തന്നോട് കുറ്റസമ്മതം നടത്തിയെന്ന് സാക്ഷി കളർകോട് വേണുഗോപാൽ കോടതിയിൽ മൊഴി നല്‍കി. ളോഹയ്ക്കുള്ളിൽ താൻ പച്ച മനുഷ്യനാണെന്ന് തോമസ് കൊട്ടൂർ തന്നോട് പറഞ്ഞു. കേസിൽ ഏഴാം സാക്ഷിയാണ് സാമൂഹ്യ പ്രവർത്തകനായ കളർകോട് വേണുഗോപാൽ.
ഫാ.തോമസ് കോട്ടൂരിനെയും, ഫാ.ജോസ് പൂതൃക്കയിലിനെയും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ആറുമാസം മുമ്പാണ് ബിഷപ്പ് ഹൗസിലേക്ക് തന്നെ വിളിച്ചുവരുത്തിയെന്നാണ് ഏഴാം സാക്ഷിയായ വേണുഗോപാലൻ നായരുടെ മൊഴി. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നുണപരിശോധനാ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണമെന്നും തോമസ് കോട്ടൂരും, ജോസ് പൂതൃക്കയിലും ആവശ്യപ്പെട്ടുവെന്നാണ് സാക്ഷി മൊഴി. ഇതിനായി ഒരു കോടിയോളം രൂപ വാഗ്ദാനം ചെയ്തു.
കേസിന്‍റെ കാര്യങ്ങള്‍ ബിഷപ്പ് ഹൗസിൽ വച്ച് സംസാരിക്കവേ ഫാ. തോമസ് കോട്ടൂർ കരച്ചിലിന്‍റെ വക്കോളമെത്തിയെന്നാണ് സാക്ഷി മൊഴി. സിസ്റ്റർ സെഫിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതി, സഭയുടെ മാനം കാക്കാൻ ഇപ്പോള്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും സാക്ഷിമൊഴി.
സംഭവ ദിവസം ഫാദർ തോമസ് കോട്ടൂരിനെ കോൺവെന്റിൽ കണ്ടുവെന്ന് കേസിലെ മുഖ്യസാക്ഷിയായ രാജു നേരത്തെ മൊഴി നൽകിയിരുന്നു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.