അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി.ശിക്ഷ വിധി നാളെ

പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി

0

തിരുവനന്തപുരം :അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.സെഫിക്കെതിരെ കൊലക്കുറ്റവും തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കൽ എന്നിവ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. ദൈവത്തിന് നന്ദിയെന്നായിരുന്നു വിധി പ്രഖ്യാപനം കേട്ടതിന് പിന്നാലെ കുടുംബത്തിന്‍റെ പ്രതികരണം.

സത്യത്തിന്‍റെ ജയമെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച സിബിഐ ഡിവൈഎസ്‍പി വര്‍ഗീസ് പി തോമസിന്‍റെ പ്രതികരണം. വിധിയില്‍ സന്തോഷമെന്നും സിസ്റ്റര്‍ അഭയയ്ക്ക് നീതി കിട്ടിയെന്നും മുഖ്യസാക്ഷി അടയ്ക്കാ രാജു പറഞ്ഞു. കോട്ടയത്തെ സഭാ ആസ്ഥാനത്ത് വലിയ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികളെ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റും.പയസ് ടെൻത്ത് കോണ്‍വെന്‍റിലെ സിസ്റ്റർ അഭയയുടെ ദുരൂഹമരണ കേസ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 1992 മാർച്ച് 27നാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

You might also like

-