ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.

തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം.

തൊടുപുഴ |ഇടുക്കി തൊടുപുഴക്ക് സമീപം മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരാണ് അമർ ഇലാഹിയും കുടുംബവും. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്. മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വീട്ടിലെ ഏക അത്താണിയായിരുന്നു അമർ എന്ന് അയൽവാസി പറഞ്ഞു. കാടിനോട് ചേർന്നാണ് ഇവരുടെ വീട്. കഴിഞ്ഞ 3 വർഷമായി പ്രദേശത്ത് ആന ശല്യമുണ്ട്. ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും അയൽവാസി പറഞ്ഞു. പ്രദേശത്ത് ആന ജനങ്ങളെ ആക്രമിക്കാറില്ലായിരുന്നുവെന്നും ഇത് ആദ്യത്തെ സംഭവമാണെന്നും വണ്ണപ്രം പഞ്ചായത്ത് അം​ഗം ഉല്ലാസ് പറഞ്ഞു. കാടിൻ്റെ അരികിലാണ് ഇവരുടെ വീട്. വളരെ നിർധനരായവരാണ്. ഡി​ഗ്രിയൊക്കെ കഴിഞ്ഞുള്ള ചെറുപ്പക്കാരനാണ്. പശുവിനെ വളർത്തിയും ആടിനെ വളർത്തിയുമൊക്കെ കഴിഞ്ഞു കൂടിയിരുന്നവരാണെന്നും നാട്ടുകാർ പറ‍ഞ്ഞു

സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു , മാത്യു കുഴൽനാടൻ

തൊടുപുഴ | ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ അവരെ നിരന്തരം വെല്ലുവിളിക്കുകയാണെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിരന്തരം വന്യജീവി ആക്രമണം ഉണ്ടായിട്ടും ജനങ്ങൾക്ക് സംരക്ഷണം തീർക്കുവാൻ സർക്കാരിന് സാധിക്കുന്നില്ല. അടുത്തിടെയായി മൂന്നാമത്തെ മരണമാണ് കാട്ടാനാ ആക്രമണം മൂലം ഈ മേഖലകളിൽ മാത്രം സംഭവിച്ചത്. നിരവധി തവണ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വനം വകുപ്പ് നിഷ്‌ക്രിയരായി തുടരുകയാണ്. ഈ കാര്യത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എംഎൽഎ പറഞ്ഞു.

വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവർക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് കാലങ്ങൾ ഏറെയായി. ദീർഘ നാളുകളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നതും വിളകൾ നശിപ്പിക്കുന്നതും പതിവായ കാഴ്ചയായി മാറിയിരിക്കുകയാണ്.

വൈകുന്നേരം ആയി തുടങ്ങിയാൽ പ്രദേശവാസികൾക്ക് വീടിന് പുറത്തേക്ക് ഇറങ്ങുവാൻ സാധിക്കുന്നില്ല. കാട്ടനാ മാത്രമല്ല കാട്ടുപന്നിയും കുറുക്കനും രാത്രി കാലങ്ങളിൽ ഇവിടേക്ക് എത്തും. കർഷകരുടെ വിളകൾ നശിപ്പിക്കും. നാട്ടുകാർക്ക് നിരന്തരം ശല്യമാണ് ഇത്തരം വന്യജീവികൾ സൃഷ്ടിക്കുന്നത്. എന്നാൽ ശക്തമായ ജനപ്രക്ഷോഭം ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾക്കെതിരെ നടപടി സ്വീകരിക്കുവാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി എന്നും എംഎൽഎ അഭിപ്രായപ്പെട്ടു.

You might also like

-