കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു വനവകുപ്പു ജീവനക്കാരെ തടഞ്ഞുവച്ചു നാട്ടുകാരുടെ പ്രതിക്ഷേധം
സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കൊച്ചി| കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കൊടിയാട്ട് എൽദോസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.ഇന്ന് ജോലിക്ക് പോയ എൽദോസ് ജോലി കഴിഞ്ഞ് തിരികെ വരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. വഴിവിളക്കുകളില്ലാത്ത സ്ഥലത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ നാട്ടിൽ ബസിറങ്ങിയ ശേഷം നടന്നുപോവുകയായിരുന്നു. എൽദോസിനൊപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഇതിന് ശേഷം ഇതുവഴി വന്നവരാണ് റോഡരികിൽ കാട്ടാനയുടെ ആക്രമണത്തിൽ ചിതറിപ്പോയ മൃതദേഹം കണ്ടെത്തിയത്.
എൽദോസിനെ മരിച്ച നിലയിൽ റോഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയതായാണ് സൂചന. പ്രദേശത്ത് പ്രതിഷേധത്തിലാണ് നാട്ടുകാർ. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചാണ് പ്രതിഷേധം. ആംബുലൻസ് തിരിച്ചയച്ചു. . സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.ഒരു വർഷം മുൻപ് ഇവിടെ സമാനമായി ഒരു മരണം നടന്നിരുന്നു. അന്നും കാട്ടാനയുടെ ആക്രമണത്തിലാണ് പ്രദേശവാസി കൊല്ലപ്പെട്ടത്. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വാഗ്ദാനങ്ങൾ നൽകിയ ശേഷം അന്ന് മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റി. എന്നാൽ ഇതിന് ശേഷവും സ്ഥലത്ത് ഒരു മാറ്റവും ഉണ്ടാകാത്തതാണ് വീണ്ടുമൊരു മരണം കൂടി ഉണ്ടാകാൻ കാരണമെന്ന് പ്രതിഷേധിക്കുന്ന നാട്ടുകാർ ആരോപിക്കുന്നു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്ക് വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് നാട്ടുകാർ.