പന്തല്ലൂരിൽ മൂന്നു വയസുളള കുട്ടിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി
പന്തല്ലൂർ തൊണ്ടിയാളത്ത് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന നാന്‍സിയെ തേയിലത്തോട്ടത്തില്‍ പതിയിരിക്കുകയായിരുന്ന പുലി പിടികൂടുകയായിരുന്നു.
പന്തല്ലൂർ | പന്തല്ലൂരിൽ മൂന്നു വയസുളള കുട്ടിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി.ഇന്നലെ ഉച്ചയ്ക്ക് 1.55 ഓടെയാണ് മയക്കുവെടിവെച്ചത്. വൈകിട്ട് 3.30തോടെയാണ് പുലിയെ കൂട്ടിലാക്കിയത്. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാന്‍സിയാണ് ഇന്നലെ അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രദേശത്താകെ ജാഗ്രതാ നിർദ്ദേശമുണ്ട്. പുലിയ പിടികൂടാന്‍ വൈകുന്നതിനെതിരെ നാട്ടുകാരും കുട്ടിയുടെ മാതാപിതാക്കളും മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധിക്കുന്നതിനിടെയാണ് പുലിയെ കൂട്ടിലാക്കിയത്.
പന്തല്ലൂർ തൊണ്ടിയാളത്ത് കഴിഞ്ഞദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന നാന്‍സിയെ തേയിലത്തോട്ടത്തില്‍ പതിയിരിക്കുകയായിരുന്ന പുലി പിടികൂടുകയായിരുന്നു. കുട്ടിയെയുമായി ഏറെ ദൂരം ഓടിയ ശേഷം തേയിലത്തോട്ടത്തിലെ ഒരിടത്ത് ഉപേക്ഷിച്ച ശേഷം പുലി കടന്നുകളഞ്ഞു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും തോട്ടം തൊഴിലാളികളും ഏറെ നേരം തിരഞ്ഞ ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്.തുടര്‍ന്ന് പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.മൂന്നാഴ്ചയ്ക്കിടെ പന്തല്ലൂർ താലൂക്കിൽ അഞ്ചിടത്താണ് പുലിയുടെ ആക്രമണം ഉണ്ടായത് , ഡിസംബർ 21ന് പുലിയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു , ജനുവരി നാലിന് പുലിയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിക്ക് പരിക്കേൽക്കുകയും ചെയ്തു. തുടര്‍ന്ന് വനം വകുപ്പ് വിവിധിയിടങ്ങളില്‍ കൂട് വയ്ക്കുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഒരു പുലി തന്നെയെന്നും സ്ഥിരീകരിച്ചു.