അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഹർജി സുപ്രീം കോടതി തള്ളി
ഹൈക്കോടതി ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജയിൽ ആവശ്യപ്പെടുന്നത്.
ഡൽഹി | അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.സർക്കാർ ഹർജി വാദം കേട്ട് തള്ളാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് എടുത്തത് വെറും 7 മിനിറ്റും 22 സെക്കൻഡും മാത്രമാണ്
ആനയെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള വിദഗ്ദസമിതി ശുപാർശി നൽകിയതുകൊണ്ട് ഇടപെടേണ്ട വിഷയമാണെന്ന് കരുതുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹർജി തള്ളിയത്.ഹൈക്കോടതി ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജയിൽ ആവശ്യപ്പെടുന്നത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അരിക്കൊമ്പൻ വിഷയത്തിലെ ഹർജി അടിയന്തിരമായി കേൾക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ് മെൻഷനിങ് സമയത്ത് ആവശ്യപ്പെട്ടു. ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പൻ നടത്തിയ അക്രമങ്ങളെ സംബന്ധിച്ച് അദ്ദേഹം കോടതിയിൽ വിശദീകരിച്ചു. ഏഴ് പേരെയാണ് ഇതുവരെ കൊലപ്പെടുത്തിയത്. 2017-ൽ മാത്രം 52 വീടുകളും കടകളും തകർത്തു. എന്നാൽ ഏഴ് പേരെ കൊലപ്പെടുത്തിയത് പോലും കണക്കിലെടുക്കാൻ ഹൈക്കോടതി തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഹർജി വെള്ളിയാഴ്ച കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. എന്നാൽ അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്നതിനാൽ ഹർജി നാളെ കേൾക്കണമെന്ന് സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയും ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് നാളെ ഉചിതമായ ബഞ്ച് ഹർജി കേൾക്കുമെന്ന് ആദ്യം വ്യക്തമാക്കി. എന്നാൽ തൊട്ട് പിന്നാലെ തന്നെ ഇന്ന് തന്നെ അടിയന്തിര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടികൂടണമെന്ന കേരള സർക്കാരിന്റെ ആവശ്യത്തോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആദ്യം യോജിച്ചിരുന്നു. ആനയെ എങ്ങോട്ട് മാറ്റണമെങ്കിലും മയക്ക് വെടിവെച്ച് പിടികൂടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. എന്നാൽ മയക്ക് വെടിവെച്ച് പിടികൂടിയ ശേഷം കൂട്ടിൽ അടയ്ക്കണമെന്ന ആവശ്യത്തോട് കോടതി വിയോജിക്കുകയായിരുന്നു.
അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനെ സർക്കാർ ശക്തമായി എതിർത്തു. കാരണം അവിടെയും വനത്തിന് ഇരുപത് മുതൽ മുപ്പത് കിലോമീറ്ററിനുള്ളിൽ ജനങ്ങൾ വസിക്കുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പറമ്പികുളത്തേക്ക് മാറ്റാനുള്ള ശുപാർശ ആരുടേതാണെന്ന് സുപ്രീം കോടതി ആരാഞ്ഞു. വിദഗ്ദ സമിതിയുടേത് ആണെന്ന് സർക്കാർ അഭിഭാഷകർ മറുപടി നൽകി. തുടർന്ന് സർക്കാർ ഹർജിയിൽ നിന്ന് വിദഗ്ധ സമിതി അംഗങ്ങളുടെ പേര് ചീഫ് ജസ്റ്റിസ് വായിച്ചു.
കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്. ആർ.എസ്. അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ്.എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ. വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ‌്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസ, അമിക്കസ് ക്യൂറി അഭിഭാഷകൻ രമേശ് ബാബു എന്നിവരാണ് വിദഗ്ദ സമിതി അംഗങ്ങൾ എന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർ കൂടി അടങ്ങുന്ന ഈ സമിതിയുടെ ശുപാർശയിൽ ഇടപെടാൻ വിസമ്മതിച്ച് കൊണ്ടാണ് സുപ്രീം കോടതി ഹർജി തള്ളിയത്.
വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി, മദ്രാസ് അനിമൽ റെസ്ക്യു സോസൈറ്റി എന്നീ സംഘടനകൾ ആണ് സർക്കാർ ഹർജിയിൽ തടസ്സ ഹർജി ഫയൽ ചെയ്തിരുന്നത്. സീനിയർ അഭിഭാഷകരായ വി. ചിദംബരേഷും, ശ്യാം ദിവാനും ആണ് ഈ സംഘടനകൾക്ക് വേണ്ടി ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്.
അതേസമയം അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാൻ ശുപാർശ ചെയ്ത വിദഗ്ധ സമിതിയിലെ അംഗങ്ങൾ ഈ വിഷയത്തിൽ വിദഗ്ധരല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ പുതിയ ഹർജി. വിഷ്ണു പ്രസാദ്, സുധ ഭായി എന്നിവരാണ് ഹർജിക്കാർ. ധോണിയിൽ നിന്ന് പിടികൂടിയ പിടി സെവനെ പോലെ അരിക്കൊമ്പനെയും പിടികൂടി സംരക്ഷിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ വി.കെ. ബിജു ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാജരായിരുന്നു. എന്നാൽ ഇന്ന് സർക്കാരിന്റെ ഹർജി മാത്രമേ പരിഗണിക്കൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. തുടർന്ന് നാളെ ഈ വിഷയം ഉന്നയിക്കാൻ ഹർജിക്കാരുടെ അഭിഭാഷകന് സുപ്രീം കോടതി അനുമതി നൽകി