വിസി നിയമനത്തിൽ ഗവർണർക്ക് എതിരെ പ്രമേയം കൊണ്ടുവന്നേക്കും.

ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനിയെ നൽകിയിട്ടില്ല. പ്രമേയം വന്നാൽ കേരള വിസിക്ക് എതിരെ ഗവർണർ നടപടി എടുത്തേക്കും

0

തിരുവനന്തപുരം | ഗവർണർക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിനൊരുങ്ങി കേരള സർവകലാശാല. ഇന്ന് ചേരുന്ന സെനറ്റ് യോഗം ഗവർണർക്ക് എതിരെ പ്രമേയം കൊണ്ടുവന്നേക്കും. വിസി നിയമനത്തിൽ ഗവർണർ ഏകപക്ഷീയമായി സേർച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നീക്കം. ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനിയെ നൽകിയിട്ടില്ല. പ്രമേയം വന്നാൽ കേരള വിസിക്ക് എതിരെ ഗവർണർ നടപടി എടുത്തേക്കും.അതേസമയം സർവ്വകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നീങ്ങുകയാണ്. കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിൽ കണ്ണൂർ വൈസ് ചാൻസലർക്ക് എതിരെ ഗവർണർ ഉടൻ നടപടിയിലേക്ക് നീങ്ങും. വിസിക്ക് ഷോ കോസ് നോട്ടീസ് നല്കി നടപടിയിലേക്ക് പോകാനാണ് തീരുമാനം. നിയമനം സ്റ്റേ ചെയ്തതിനെതിരെ സർവകലാശാല എടുക്കുന്ന നിയമ നടപടിയും രാജ് ഭവൻ നിരീക്ഷിക്കുന്നുണ്ട്. വി സി അപ്പീൽ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഗവർണ്ണർക്ക് എതിരെ അപ്പീൽ നില നിൽക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.

പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഗുരുതര വീഴ്ച വിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് രാജ്ഭവന് നിയമോപദേശം ലഭിച്ചത്. ഈ വിഷയത്തിൽ വിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. അത് ലഭിച്ച ശേഷമാകും നടപടിയുണ്ടാകുക.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയാ വര്‍ഗ്ഗീസിൻ്റെ നിയമന വിവാദത്തിൽ ഒരിഞ്ച് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിൽ തന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, സ്വജന പക്ഷപാതവും ചട്ടവിരുദ്ധ നടപടികളും സര്‍വകലാശാലയിൽ ഉണ്ടായെന്ന് തുറന്നടിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ കടുത്ത നടപടിയിലേക്ക് കടക്കുന്നത്. ചാൻസലറും സർവകലാശാലയും തമ്മിൽ നിയമപോരാട്ടത്തിലേക്ക് ഇതിനോടകം നീങ്ങിയ സംഭവവികാസങ്ങളെ, കൂടുതൽ സങ്കീർണമാക്കുന്ന നടപടിയിലേക്ക് ഗവർണർ കടന്നേക്കുമെന്നത് ഇതോടെ ഉറപ്പായി.

You might also like

-