കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് മോഷണംപോയി , ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

ബസ് പിന്നീട് 11.30ഓടെ പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി.കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് സമീപം ദേശീയപാതയിൽ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ബസ്.

0

കൊല്ലം: കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് കാണാതെ പോയത് ആശങ്ക പരത്തി. ആർ എ സി 354 എന്ന വേണാട് ഓർഡിനറി ബസാണ് ഇന്നു രാവിലെ മുതൽ കാണാതായത്. ബസ് പിന്നീട് 11.30ഓടെ പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി.കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് സമീപം ദേശീയപാതയിൽ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ബസ്. ഇന്ന് രാവിലെ ബസ് എടുക്കാനായി ഡ്രൈവര്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് മനസിലായത്. മറ്റേതെങ്കിലും ഡ്രൈവര്‍ ബസ് മാറിയെടുത്തത് ആയിരിക്കാമെന്ന് കരുതി ഡിപ്പോയില്‍ അറിയിച്ചു. തുടര്‍ന്ന് ഡിപ്പോയില്‍ നിന്ന് ബസുമായി പോയ എല്ലാ ഡ്രൈവര്‍മാരേയും വിളിച്ചു. ആരും ബസ് എടുത്തില്ലെന്ന് വ്യക്തമാക്കിയതോടെ ഡിപ്പോ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

സാമൂഹ്യവിരുദ്ധരോ, പ്രൈവറ്റ് ബസ് ജീവനക്കാരോ ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കെ എസ് ആർ ടി സി അധികൃതർ പറയുന്നു. കൊട്ടാരക്കര ഡിപ്പോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവർ പറഞ്ഞു. സ്ഥലക്കുറവ് കാരണം സർവീസ് പൂർത്തിയാക്കി എത്തുന്ന കെ എസ് ആർ ടി സി ബസുകൾ രാത്രിയിൽ ദേശീയപാതയുടെ വശങ്ങളിലാണ് പാർക്ക് ചെയ്തിരുന്നത്. ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന ബസാണ് തട്ടിക്കൊണ്ടുപോയത്.അതേസമയം പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊട്ടാരക്കര-പാരിപ്പള്ളി റൂട്ടിലെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബസ് തട്ടിക്കൊണ്ടുപോയവരെ ഉടൻ കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്.

അടുത്തിടെ കെഎസ്ആർടിസിയുടെ തിരുവനന്തപുരം മംഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ എ.സി സർവ്വീസിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിലും, ബോണ്ട് സർവ്വീസിലെ ട്രാവൽ കാർഡ് വിതരണത്തിൽ തിരമറി കാട്ടിയ സംഭവത്തിലും ഉൾപ്പെടെ 5 ജീവനക്കാരെ സസ്പെന്റ് ചെയ്തതായി കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചിരുന്നു

You might also like

-