അന്തരിച്ച വാർത്ത അവതാരകൻ ഗോപന്‍റെ മൃതദേഹം കേരള ഹൗസില്‍ പൊതു ദർശനത്തിനു വയ്ക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി.
പൊതു ദർശനം ഒഴിവാക്കി മൃതദേഹം കൽക്കാജിയിലെ വീട്ടിലേക്കു കൊണ്ടുപോയി.
ദില്ലി: അന്തരിച്ച വാർത്ത അവതാരകൻ ഗോപന്‍റെ മൃതദേഹം കേരള ഹൗസില്‍ പൊതു ദർശനത്തിനു വയ്ക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി. കേരള ഹൗസ് റസിഡന്‍റ് കമ്മീഷ്ണർ പൊതു ദർശനത്തിനു അനുമതി നിഷേധിച്ചതായാണ് പരാതി. അതേസമയം പൊതു ദർശനം ഒഴിവാക്കി മൃതദേഹം കൽക്കാജിയിലെ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ട് 4. 30 വരെ വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കും. അതേസമയം രേഖാമൂലം തന്നോട് ആരും അനുമതി തേടിയില്ലെന്ന് കേരള ഹൗസ് റസിഡന്‍റ് കമ്മിഷ്ണര്‍ പുനിത് കുമാർ പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് ഗോപന്‍ അന്തരിച്ചത്. രാത്രിയോടെ പൊതുദര്‍ശനത്തിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെന്നാണ് ദില്ലിയിലെ മലയാളി സമാജം ഭാരവാഹികള്‍ പറയുന്നത്. രാവിലെ എട്ട് മണിയോടെ അനുമതി ലഭിക്കുമെന്നാണ് കരുതിയത്. 8.10 ഓടെ പൊതുദര്‍ശനത്തിന് എത്തിക്കാം. 11 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി വൈകീട്ടോടെ സംസ്കാര ചടങ്ങുകള്‍ നടത്താമെന്നും കരുതിയിരുന്നു.
എന്നാല്‍ ബന്ധപ്പെട്ട ആളുകള്‍ ഇന്ന് രാവിലെ കേരള ഹൗസിലെ റസിഡന്‍റ് കമ്മീഷണറെ ചെന്ന് കണ്ടപ്പോള്‍ കേരള സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും അനുമതി ലഭിക്കണമെന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് തിരുവനന്തപുരവുമായി ബന്ധപ്പെട്ടപ്പോള്‍ ട്രാവന്‍കൂര്‍ പാലസില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ആവശ്യപ്പെട്ടു. ട്രാവന്‍കൂര്‍ പാലസ് ഇപ്പോള്‍ കാട് കയറിക്കിടക്കുകയാണ്. അവിടെ പൊതു ദര്‍ശനത്തിന് വയ്ക്കുന്നത് അനാദരവാണെന്ന് മനസ്സിലാക്കിയാണ് സുഹൃത്തുക്കളും ദില്ലിയിലെ മലയാളികളും ചേര്‍ന്ന് ഗോപന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.