ഏകീകൃത കുർബാനയെച്ചൊല്ലി സംഘർഷം അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു
സെക്രട്ടറിയടക്കം നാലു വൈദികരാണ് കമ്മിഷനിലുള്ളത്.
കൊച്ചി: സിറോ മലബാർ സഭയിലെ ഏകീകൃത കുർബാനയെച്ചൊല്ലി എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ നടന്ന സംഘർഷം അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. സെക്രട്ടറിയടക്കം നാലു വൈദികരാണ് കമ്മിഷനിലുള്ളത്. ഒരു മാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാനാണ് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ നിർദേശം.
ക്രിസ്മസിന്റെ തലേ ദിവസമുണ്ടായ സംഘർഷത്തിൽ എറണാകുളം സെന്റ് മേരീസ് ബസലിക്ക ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. പളളി തുറക്കുന്ന കാര്യത്തിൽ അനശ്ചിതത്വം തുടരുന്നതിനിടയിലാണ് സംഘർഷമുണ്ടായ സംഭവം പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത . സഭാ സെക്രട്ടറിയടക്കം നാലു വൈദികരാണ് അന്വേഷണ കമ്മിഷൻ അംഗങ്ങൾ.
ഫാദർ സെബാസ്റ്റ്യൻ മുട്ടൻതോട്ടിലാണ് കമ്മീഷൻ സെക്രട്ടറി. ജോർജ് തെക്കേക്കര, പോളി മാടശ്ശേരി, മൈക്കിൾ വട്ടപ്പാലം എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. ഒരു മാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാനാണ് കമ്മിഷന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സഭാ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്താണ് കമ്മീഷനെ നിയമിച്ചത്.
കുർബാനയമായി ബന്ധപ്പെട്ട വിഷയങ്ങളും അന്വേഷണകമ്മിഷൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഔദ്യോഗിക വിഭാഗത്തിനെതിരെ വിമതരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ തുടരുകയാണ്. വിവിധ ഇടവകകൾ കേന്ദ്രീകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിൽ നിരവധി വിശ്വാസികൾ പങ്കെടുക്കുന്നുണ്ട്.
ബസലിക്ക സംഘർഷത്തിൽ പോലീസ് അന്വേഷണം തുടർന്നതിനു മുൻപ് തന്നെ തെളിവുകൾ നശിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നതായും വിമത വിഭാഗം ആരോപിക്കുന്നു. അന്വേഷണ കമ്മീഷനോട് വിമത വിഭാഗം വൈദികരടക്കം സഹകരിക്കുമോ എന്ന കാര്യത്തിലും ഇതുവരെയും വ്യക്തതയില്ല.