ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയ്ക്കായി മുദ്രാവാക്യങ്ങള്‍ മുഴക്കിയതും വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൈക്ക് തടസപ്പെട്ടതിന്റെ പേരില്‍ കേസുകൂടി എടുത്തിരിക്കുന്നത്
തിരുവനന്തപുരം | കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത് സംസാരിക്കവേ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. സ്വമേധയ ആണ് പൊലീസ് കേസെടുത്തത്. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസ്. 118 E KPA ആക്ട് പ്രകാരം (പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍) ആണ് കേസെടുത്തിരിക്കുന്നത്. അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു മൈക്ക് തടസപ്പെട്ടത്.സംഭവത്തില്‍ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാളെ ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിനോട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉള്‍പ്പെടെ എതിര്‍പ്പുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പരിപാടിയ്ക്കെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മൈക്ക് തടസപ്പെട്ടതും മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയ്ക്കായി മുദ്രാവാക്യങ്ങള്‍ മുഴക്കിയതും വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൈക്ക് തടസപ്പെട്ടതിന്റെ പേരില്‍ കേസുകൂടി എടുത്തിരിക്കുന്നത്.. ഔദ്യോഗികമായി ഉന്നത സ്ഥാനത്തിരിക്കുന്ന ആളുടെ സംസാരത്തെ തടസപ്പെടുത്താനുള്ള ശ്രമം, അവഹേളിക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന.