സംസ്ഥാനത്ത് പ്ലസ് വണിന് 97 അധിക ബാച്ചുകള്‍
എയ്ഡഡ് സ്‌കൂളുകളിലും അധിക ബാച്ച് അനുവദിക്കും. വടക്കന്‍ ജില്ലകളില്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.
തിരുവനന്തപുരം| സംസ്ഥാനത്ത് പ്ലസ് വണിന് 97 അധിക ബാച്ചുകള്‍ അനുവദിച്ചു വിദ്യാഭ്യാസവകുപ്പ്. വടക്കന്‍ കേരളത്തിലാണ് അധിക ബാച്ചുകള്‍ ശുപാര്‍ശ ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ ബാച്ചുകള്‍ക്ക് ശുപാര്‍ശയുണ്ട്. എയ്ഡഡ് സ്‌കൂളുകളിലും അധിക ബാച്ച് അനുവദിക്കും. വടക്കന്‍ ജില്ലകളില്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.
സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രവേശനം ലഭിക്കാത്ത കുട്ടികള്‍ കൂടുതലുള്ള ഇടങ്ങളില്‍ പ്രാദേശികമായേ അധിക ബാച്ചുകള്‍ അനുവദിക്കൂ.മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂർ 10, കാസർകോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.
അതേസമയം, വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്നം ഉണ്ടെങ്കിൽ അത് സർക്കാർ പരിഹരിക്കും. മലപ്പുറത്ത് അൺ എയ്ഡഡ് സ്കൂൾ ഏറ്റവും അധികം അനുവദിച്ചത് യുഡിഎഫാണെന്നും മന്ത്രി കുറ്റപ്പെടുത്തി
എന്നാല്‍ പ്ലസ് വണ്‍ അധികബാച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമാകില്ലെന്ന് മുസ്ലിം ലീഗ് വിമര്‍ശിച്ചു. “പ്ലസ് വണ്‍ അധികബാച്ച് അനുവദിച്ചത് മുസ്ലിംലീഗിന്റെ സമര വിജയമാണ്. പാലക്കാട് മുതല്‍ കാസര്‍കോട് വരെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സീറ്റ് ലഭിക്കാതെ പുറത്താണ്. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകും”, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.