നേപ്പാൾ വിമാന ദുരന്തം 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

0

കഠ്മണ്ഡു | നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു.

കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയർന്ന വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

വിമാനത്തിന് തീപിടിച്ചതിനാൽ തുടക്കത്തിൽ ആളുകൾക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 15 ദിവസം മുൻപാണ് ഈ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ സർക്കാർ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. പൊഖാറ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി റാബി ലാമിച്ചാനെയ്‌ക്കൊപ്പം ‘പ്രചണ്ഡ’ ഇന്ന് പൊഖാറയിൽ എത്തും.അപകടകാരണം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

You might also like

-