ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം
26,917 കോവിഡ് ബാധിതരാണ് രാജ്യത്തുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. മരണസംഖ്യ 826 ആയി.
ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 47 പേർ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ രണ്ടാമതും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 1,975 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച്ച 1,752 പുതിയ കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ശനിയാഴ്ച്ച ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,975 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
26,917 കോവിഡ് ബാധിതരാണ് രാജ്യത്തുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. മരണസംഖ്യ 826 ആയി.
20,177 പേർ ചികിത്സയിൽ കഴിയുന്നു. 5,913 പേർ രോഗമുക്തരായെന്നും സർക്കാർ കണക്കുകളിൽ പറയുന്നു. രോഗമുക്തരാകുന്നവരുടെ നിരക്ക് കൂടുന്നത് ശുഭസൂചനയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ രോഗമുക്തരാകുന്നവരുടെ നിരക്കിൽ 12 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ 7,628 പേർ ഈ സംസ്ഥാനത്ത് രോഗബാധിതരായി. ഗുജറാത്ത്- 3,071, ഡൽഹി-2,625, രാജസ്ഥാൻ-2,083, മധ്യപ്രദേശ്-2,096, ഉത്തർപ്രദേശ്-1,843 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 47 മരണങ്ങളിൽ 22 ഉം മഹാരാഷ്ട്രയിലാണ്.