അയ്യപ്പനെ കാണാൻ സുരക്ഷാ ആവശ്യപ്പെട്ട് 25 കാരി

ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് സന്നിധാനത്ത് ദര്‍ശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയിലെത്തിയത് വൈകീട്ട് അഞ്ചരയോടെ, നിലയ്ക്കല്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് യുവതി പമ്പയില്‍ എത്തിയത്.

0

പമ്പ: ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് സന്നിധാനത്ത് ദര്‍ശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയിലെത്തിയത് വൈകീട്ട് അഞ്ചരയോടെ, നിലയ്ക്കല്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് യുവതി പമ്പയില്‍ എത്തിയത്. ഭര്‍ത്താവും രണ്ട് കുട്ടികളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

യുവതിയുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ദര്‍ശനം സംബന്ധിച്ച കാര്യം യുവതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയാണ്. ഒരു മണിക്കൂറിനകം തീരുമാനം എന്താണെന്ന് അറിയിക്കാമെന്ന് പൊലീസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സന്നിധാനത്തെ സാഹചര്യം യുവതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, കുഞ്ഞിന്‍റെ ചോറൂണിനായി പമ്പാ ഗണപതി കോവിലിലെത്തിയ സ്ത്രീകളടക്കമുള്ള സംഘത്തെ അയ്യപ്പ ഭക്തര്‍ തടഞ്ഞു. സംഘത്തിലുള്ളവര്‍ സ്ത്രീകള്‍ സന്നിധാനത്ത് കയറില്ലെന്ന് പറഞ്ഞെങ്കിലും സംഘത്തെ തടഞ്ഞുവെച്ചു. നൂറുകണക്കിന് ഭക്തരാണ് ശരണം വിളിച്ച് ഇവര്‍ക്ക് ചുറ്റും കൂടിയത്. കുഞ്ഞിന്‍റെ അമ്മ അടക്കം മൂന്ന് യുവതികളാണ് സംഘത്തിലുണ്ടായിരുന്നത്. തൃശ്ശൂരില്‍ നിന്നാണ് സംഘം എത്തിയത്. ഇവര്‍ക്ക് നാളെ രാവിലെ ദര്‍ശനത്തിനുള്ള അവസരം ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ ആരുടെയും പിന്‍ബലത്തിലെത്തിയതല്ലെന്നും കുഞ്ഞിന് ചോറൂണ് കൊടുക്കാന്‍ പമ്പാ ഗണപതി കോവിലിലെത്തിയതാണെന്നും സംഘത്തിലുള്ളവര്‍ പ്രതിഷേധക്കാരോട് പറഞ്ഞെങ്കിലും അയ്യപ്പ ഭക്തര്‍ ഇവരെ കടത്തിവിടാന്‍ തയ്യാറായില്ല.

You might also like

-