കടുത്ത സാമ്പത്തികമാന്ദ്യം മറികടക്കാൻ എന്തുണ്ട് ? എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നതാകും ബജറ്റ്
എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നതാകും ബജറ്റെന്ന് ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ബജറ്റവതരണത്തിന് മുന്നോടിയായി 10.15ന് കേന്ദ്രമന്ത്രിസഭായോഗം ചേരും.
ഡൽഹി: കടുത്ത സാമ്പത്തികമാന്ദ്യം മറികടക്കാൻ മോഡിസർക്കാർ എന്തുചെയ്യുമെന്ന ആകാംക്ഷ നിലനിൽക്കെ, ഈവർഷത്തെ പൊതുബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11 ന് അവതരിപ്പിക്കും.വിപണിയിലെ മാന്ദ്യം, തൊഴിൽ സൃഷ്ടിക്കാത്ത വളർച്ച, കാർഷിക പ്രതിസന്ധി, നിക്ഷേപമുരടിപ്പ്, ഭവനനിർമാണമേഖലയിലെ പ്രതിസന്ധി, നികുതിഘടനയിലെ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാന്‍ പ്രഖ്യാപനം ഉണ്ടാകുമോ എന്നതാണ് നിർണായകം
എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നതാകും ബജറ്റെന്ന് ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ബജറ്റവതരണത്തിന് മുന്നോടിയായി 10.15ന് കേന്ദ്രമന്ത്രിസഭായോഗം ചേരും. മന്ത്രിസഭായോഗത്തിനുശേഷം ധനമന്ത്രി രാഷ്ട്രപതിയെ കാണും. സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താനും വിപണിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും ലക്ഷ്യമിട്ടുള്ള ഫീല്‍ ഗുഡ് ബജറ്റായിരിക്കുമെന്നാണ് സൂചന. വ്യക്തിഗതി ആദായ നികുതി പരിധിയില്‍ ഇളവ്, ഗ്രാമീണ കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ നീക്കിയിരിപ്പ്, അടിസ്ഥാന സൗകര്യ വികസനത്തിന് ഉൗന്നല്‍ എന്നിവ ബജറ്റില്‍ ഇടംപിടിക്കും. അഞ്ചുലക്ഷം കോടി ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം നേടിയെടുക്കാന്‍ കഠിന ശ്രമങ്ങളുണ്ടാകും. പാരമ്പര്യേതര ഉൗര്‍ജം, ഇലക്ട്രോണിക് വാഹനങ്ങള്‍, വൈദ്യുതി, ഭവനമേഖല, റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി എന്നിവയ്ക്ക് കാര്യമായ പരിഗണന ലഭിച്ചേക്കും.
സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്സിലെ ഇളവ്, ദീര്‍ഘകാല മൂലധന നിക്ഷേപങ്ങള്‍ക്ക് നികുതി കുറയ്ക്കല്‍, ഡിവിഡന്‍റ് ടാക്സ് ഒഴിവാക്കല്‍ എന്നിവ ഒാഹരി വിപണി കാതോര്‍ക്കുന്ന പ്രഖ്യാപനങ്ങളാണ്. പൊതുമേഖല ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെയും ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള നീക്കങ്ങളും ബജറ്റിലുണ്ടാകും.