മൂന്നു വില്ലേജുകളില്‍ നിരോധനാജ്ഞ, മൂന്നാറില്‍ നീട്ടി
നിരോധനാജ്ഞ ലംഘിക്കുന്നവരെ അറസ്റ്റു ചെയ്യും. കൊട്ടക്കാമ്പൂരില്‍ ഇയ്യിടെ കോവിഡ് മാനദണ്ഡ ഉത്തരവുകള്‍ മറികടന്ന് സംഘടിപ്പിച്ച ഉത്‌സവത്തില്‍ അനവധിയാളുകള്‍ പങ്കെടുത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
ഇടുക്കി :ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളായ മറയൂര്‍, വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജുകളുടെ പരിധിയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മൂന്നാറില്‍ നിലവിലുള്ള നിരോധനാജ്ഞ നീട്ടി. ഇതനുസരിച്ച് ഈ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഇടങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരാന്‍ പാടില്ല. നിരോധനാജ്ഞ ലംഘിക്കുന്നവരെ അറസ്റ്റു ചെയ്യും. കൊട്ടക്കാമ്പൂരില്‍ ഇയ്യിടെ കോവിഡ് മാനദണ്ഡ ഉത്തരവുകള്‍ മറികടന്ന് സംഘടിപ്പിച്ച ഉത്‌സവത്തില്‍ അനവധിയാളുകള്‍ പങ്കെടുത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
കോവിഡ്: രണ്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ്
ജില്ലയില്‍ കോവിഡ് രോഗം ബാധിച്ചവരില്‍ രണ്ടുപേരുടെ കൂടി മൂന്നാമത്തെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നു ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. രണ്ടാമത്തെ രോഗിയായിരുന്ന തൊടുപുഴ കുമാരമംഗലം സ്വദേശിയുടെയും ചെറുതോണിയിലെ പൊതുപ്രവര്‍ത്തകന്റെയും പരിശോധനാഫലങ്ങളാണ് നെഗറ്റീവ് ആയത്. ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. എങ്കിലും തുടര്‍ന്നും ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. തൊടുപുഴയില്‍ അവസാനം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ആശയവിനിമയം നടത്തിയവരും നിരീക്ഷണത്തിലാണ്. ഇദ്ദേഹം താമസിക്കുന്ന സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടാതെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷങ്ങളൊന്നുമില്ലെന്നു ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ആശുപത്രി സൗകര്യങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടെ ജില്ല പൂര്‍ണ സജ്ജമാണ്.