സാലറി ചലഞ്ചിലൂടെ ലഭിച്ച 132.46 കോടി രൂപ കെഎസ്ഇബി സര്‍ക്കാരിന് കൈമാറി.
സാലറി ചലഞ്ചിന്‍റെ ഗഡുക്കള്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്നതില്‍ തെറ്റില്ലെന്നും കെഎസ്ഇബിക്ക് എതിരായ ആക്ഷേപത്തില്‍ അടിസ്ഥാനമില്ലെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.
തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ ലഭിച്ച 132.46 കോടി രൂപ കെഎസ്ഇബി സര്‍ക്കാരിന് കൈമാറി. വൈദ്യുതി മന്ത്രി എം എം മണിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. ജിവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിഹിതം പ്രത്യേകം ചെക്കുകളായാണ് കൈമാറിയത്.
സാലറി ചലഞ്ചിന്‍റെ ഗഡുക്കള്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്നതില്‍ തെറ്റില്ലെന്നും കെഎസ്ഇബിക്ക് എതിരായ ആക്ഷേപത്തില്‍ അടിസ്ഥാനമില്ലെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം മഹാപ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് കെഎസ്ഇബിയും സാലറി ചലഞ്ചില്‍ പങ്കാളിയായത്. കഴിഞ്ഞ ഒക്ടോബറില്‍ തുടക്കമിട്ട പദ്ധതി കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.
പത്ത് മാസത്തവണകളായാണ് ജിവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കടുത്തത്. മൂന്ന് ദിവസത്തെ ശമ്പളം വീതമാണ് ജിവനക്കാര്‍ ഓരോ മാസവും കൈമാറിയത്. 132.46 കോടി രൂപ പിരിച്ചെടുത്തെങ്കിലും സര്‍ക്കാരിന് കൈമാറിയല്ലെന്ന് ആക്ഷേപമുയര്‍ന്നു. എന്നാല്‍ ഓരോ മാസവും തുക കൈമാറുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒന്നിച്ചുനല്‍കാനാണ് തീരുമാനിച്ചിരുന്നതെന്ന് കെഎസ്ഇബി വിശദീകരിച്ചു.
ഓഗസ്റ്റ് 16ന് ചെക്ക് തയ്യാറാക്കാന്‍ ഉത്തരവുമിറക്കിയിരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്‍പ്പെട 500 കോടിയിലധികം രൂപ കെഎസ്ഇബിക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടാനുണ്ട്. പുറമേ നിന്ന് വൈദ്യുതി വാങ്ങുന്ന ഇനത്തില്‍ ഒക്ടോബറില്‍ 200 കോടി രൂപയുടെ അധിക ചെലവും പ്രതീക്ഷിക്കുന്നു. ജീവനക്കാരില്‍ നിന്നും പിരിച്ച തുക വകമാറ്റിയിട്ടില്ലെന്നും ആക്ഷേപങ്ങള്‍ക്ക് അടിസഥാനമില്ലെന്നും കെഎസ്ഇബി വിശദീകരിച്ചു.