ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകളെക്കൂടി ഗ്വാളിയോറിൽ എത്തിച്ചു
വ്യോമസേനയുടെ സി–17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവന്നത്. ഇതോടെ രാജ്യത്തെത്തിച്ച ചീറ്റകളുടെ എണ്ണം 20 ആയി.നടപടികൾ പൂർത്തിയായ ശേഷം ചീറ്റകളെ എം–17 ഹെലികോപ്റ്ററിൽ കുനോ ദേശീയ ഉദ്യാനത്തിലെത്തിക്കും
മധ്യപ്രദേശ് , ഗ്വാളിയോർ | ദക്ഷിണാഫ്രിക്കയിൽ നിന്നും പുതിയതായി 12 ചീറ്റകളെക്കൂടി മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തിച്ചു. 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളുമാണ് എത്തിയത്. വലിയ കൂടുകളിലാക്കി, ശാന്തരാക്കാൻ പ്രത്യേക ഉറക്കമരുന്നു നൽകിയായിരുന്നു യാത്ര. വ്യോമസേനയുടെ സി–17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവന്നത്. ഇതോടെ രാജ്യത്തെത്തിച്ച ചീറ്റകളുടെ എണ്ണം 20 ആയി.നടപടികൾ പൂർത്തിയായ ശേഷം ചീറ്റകളെ എം–17 ഹെലികോപ്റ്ററിൽ കുനോ ദേശീയ ഉദ്യാനത്തിലെത്തിക്കും. വന്യമൃഗ സംരക്ഷണ നിയമം അനുസരിച്ച് ഇന്ത്യയിലേക്കു കൊണ്ടുവരുന്ന മൃഗങ്ങൾക്ക് 30 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഇതനുസരിച്ച് ചീറ്റകൾക്കായി 10 ക്വാറന്റീൻ അറകൾ സജ്ജമാക്കിയിട്ടുണ്ട്
കഴിഞ്ഞ സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ആദ്യമായി ഇന്ത്യയിലെത്തിച്ചത്. ക്വാറന്റീനു ശേഷമാണ് ഇവയെ കുനോ ദേശീയ ഉദ്യാനത്തിൽ തുറന്നുവിട്ടത്. ചീറ്റകൾ ആരോഗ്യത്തോടെയിരിക്കുന്നുവെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കിയിരുന്നു.
.