10 വിദ്യാർഥികളുടെ പ്രവേശനം സുപ്രീം കോടതി ശരിവച്ചു.
ഡൽഹി: കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ 10 വിദ്യാർഥികളുടെ പ്രവേശനം സുപ്രീം കോടതി ശരിവച്ചു. വിദ്യാർഥികളുടെ പ്രവേശനം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചാണ് വിദ്യാർഥികളുടെ പ്രവേശനം ശരിവച്ചത്. ഇതോടെ വിദ്യാർഥികളുടെ ഭാവിയെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിച്ചു
2016-17 അധ്യയന വർഷം നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രവേശന മേൽനോട്ട സമിതിയാണ് വിദ്യാർഥികളുടെ പ്രവേശനം തടഞ്ഞത്. എൻആർഐ ക്വോട്ട വഴി ആറ് വിദ്യാർഥികളെയും മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നേടിയ നാല് വിദ്യാർഥികളെയും പുറത്താക്കണമെന്നായിരുന്നു സമിതിയുടെ ആവശ്യം.
വിദ്യാർഥികൾ ഓൺലൈൻ അപേക്ഷ നൽകിയിരുന്നില്ല. മാനേജ്മെന്റുകളെ സ്വാധീനിച്ചാണ് പ്രവേശനം നേടിയത് തുടങ്ങിയ വാദങ്ങളാണ് സമിതി ഉന്നയിച്ചത്. സംസ്ഥാന സർക്കാരും സമിതിയുടെ കണ്ടെത്തലുകൾ ശരിവച്ചിരുന്നു. ഇതോടെ ഹൈക്കോടതി ഇവരുടെ പ്രവേശനം റദ്ദാക്കിയത്.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി പ്രവേശനം സാധുവാക്കിയത്. മേൽനോട്ട സമിതിയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിദ്യാർഥികൾ സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടിയത് സുപ്രീംകോടതി അംഗീകരിച്ചു