ഹവാല പണം ,ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങൾ എന്നിവയുൾപ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളിൽ ഫെബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു
ഡൽഹി | ഇന്ത്യയിലെയും മധ്യ ഏഷ്യയിലെയും പ്രമുഖ സ്വര്‍ണവ്യാപാരികളായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോയ് ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹവാല വഴി ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ കള്ളപ്പണം ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തതിനാണ് ഇത്. 1999 ഫെമയുടെ സെക്ഷൻ 4 ലംഘിച്ചതിന് 1999ലെ ഫെമ സെക്ഷൻ 37എ പ്രകാരമാണ് നടപടി.
ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങൾ എന്നിവയുൾപ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളിൽ ഫെബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു. ഹവാല ഇടപാടുകളിൽ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകൾ ഔദ്യോഗിക രേഖകൾ, മെയിലുകൾ, സ്റ്റാഫ് അംഗങ്ങള്‍ എന്നിവയിൽ നിന്ന് പരിശോധനയ്ക്കിടെ ശേഖരിച്ചു. ഈ കള്ളപ്പണം പിന്നീട് ജോയ് ആലുക്കാസ് വർഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയായ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസി, ദുബായിൽ നിക്ഷേപിച്ചു. ഇത്തരത്തില്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഗുണഭോക്താവായി ജോയ് ആലുക്കാസ് വര്‍ഗീസ് മാറുകയും ഫെമ 1999 ലെ സെക്ഷൻ 37 എ പ്രകാരം നടപടിക്ക് ബാധ്യസ്ഥനാകുകയും ചെയ്തതായി ഇഡി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.