സർക്കാർ കെ ജി എം ഒ യുടെ കൊമ്പൊടിച്ചു സർക്കാർ ഡോക്ടർമാർ നടത്തിവന്നസമരം പിൻവലിച്ചു ,ഉപാധികളില്ലാതെ മുട്ടുമടക്കി
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ നാലു ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. സമരം ചെയ്യുന്ന ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഭാരവാഹികൾ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരം തുടർന്നാൽ ഡോക്ടർമാരെ പുറത്താക്കി പകരം സംവിധാനം ഏർപ്പെടുത്തുമെന്ന സർക്കാരിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഡോക്ടർമാർ സമരം പിൻവലിച്ചത്.
ആർദ്രം പദ്ധതിയുമായും വൈകുന്നേരത്തെ ഒപിയുമായും സഹകരിക്കുമെന്നു സമരം ചെയ്ത ഡോക്ടർമാർ മന്ത്രിയെ അറിയിച്ചു. ഡോക്ടർമാരുടെ പ്രശ്നങ്ങൾ കേട്ട മന്ത്രി രോഗികളുടെ വർധനയുള്ള കേന്ദ്രങ്ങളിലേക്ക് ഡോക്ടർമാരെ പുനര്വിന്യസിക്കുമെന്ന് അറിയിച്ചു. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെ ആശങ്കകൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി. ഡോക്ടർമാർ അവധിയെടുക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കും. ഇതിനായി ഡിഎംഒ ജില്ലാ തലത്തിൽ റിസർവ് പട്ടിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പെട്ടെന്നുള്ള സമരം പാടില്ലെന്നു ഡോക്ടർമാർക്കു മുന്നറിയിപ്പ് നൽകിയ സർക്കാർ, കുമരംപുത്തൂരിൽ ജോലിക്കു ഹാജരാകാതിരുന്നതിനെ തുടർന്ന് സസ്പെൻഷനിലായ ഡോക്ടർ മാപ്പപേക്ഷ നൽകിയാൽ തിരികെ സർവീസിൽ പ്രവേശിപ്പിക്കുന്നതു പരിഗണിക്കാമെന്നും സംഘടനാ പ്രതിനിധികളെ അറിയിച്ചു.
നേരത്തെ, ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നോട്ടീസ് പോലും നൽകാതെയാണ് ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. പിന്നാലെ സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഡോക്ടർമാർ നടപടി ഭയന്ന് ചർച്ചയ്ക്ക് സ്വയം മുന്നോട്ടുവരികയായിരുന്നു. സമരത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിന് മന്ത്രിസഭായോഗം രാവിലെ അനുമതി നൽകുകയും ഇക്കാര്യം മന്ത്രി കെ.കെ.ശൈലജ രാവിലെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആർദ്രം പദ്ധതിയിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്നാണ് സർക്കാർ സ്വീകരിച്ച നിലപാട്.
ഉച്ചയ്ക്ക് ശേഷവും ഒപി വേണമെങ്കിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അഞ്ച് ഡോക്ടർമാർ എങ്കിലും വേണമെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നത്. മൂന്ന് ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ നടപടി തുടരുന്നതിനിടെയാണ് ഡോക്ടർമാർ ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചത്.