സൗദിക്ക് നേരെമിസൈൽ ആക്രമണം
റിയാദ് : സൗദിക്ക് നേരെ വീണ്ടും ഹൂത്തികളുടെ മിസൈൽ ആക്രമണം. മിസൈലുകൾ ലക്ഷ്യത്തിലെത്തും മുമ്പ് സഖ്യസേന തകർത്തു. റിയാദിലും ജിസാനിലുമാണ് മിസൈൽ ആക്രമണം ഉണ്ടായത്.
വൈകുന്നേരം അഞ്ചരയോടെയാണ് തലസ്ഥാന നഗരിയായ റിയാദിനു നേരെ മിസൈൽ ആക്രമണം ഉണ്ടായത്. ജിസാനിലും സമാനമായ ആക്രമണം ഉണ്ടായി. എന്നാൽ റിയാദിനെയും ജിസാനിയും ലക്ഷ്യമാക്കി വിട്ട ഹൂത്തികളുടെ മിസൈൽ ആക്രമണത്തെ ലക്ഷ്യത്തിൽ എത്തും മുൻപേ പരാജയപ്പെടുത്തിയതായി സഖ്യ സേനാ വ്യക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു.
റിയാദിലെ വ്യാപാര കേന്ദ്രമായ ബഹ്‌തയിൽ വലിയ സ്ഫോടന ശബ്ദമാണ് കേട്ടതെന്നു പ്രദേശവാസികൾ പറഞ്ഞു. നേരത്തെയും സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഹൂത്തികളുടെ മിസൈൽ ആക്രമണം നടന്നിരുന്നു. മാർച്ച് 25 നു ഏഴു തവണയാണ് വിവിധ ഭാഗങ്ങളിൽ ആക്രമണം ഉണ്ടായത്. എന്നാൽ എല്ലാ ആക്രമണങ്ങളെയും ലക്ഷ്യ സ്ഥാനത്തു എത്തുന്നതിനു മുൻപുതന്നെ സൗദിയുടെ പ്രതിരോധ സേന തകർത്തിരുന്നു.