സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെഭീകരാക്രമണം: സൂത്രധാരനെ വധിച്ചു
ശ്രീനഗര്‍:ഫെബ്രുവരിയില്‍സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്.
തെക്കന്‍ കശ്മീരിലെ ഹത്തിവാര ലെതാപോറയില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് മുഫ്തി വഖാസിനെ വധിച്ചത്. ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കഴിഞ്ഞ ഫെബ്രുവരി 10നാണ് സുന്‍ജുവാന്‍ ഭീകരാക്രമണം നടന്നത്. സൈനികക്യാമ്പില്‍ നുഴഞ്ഞുകയറിയ സംഘം ആറു സൈനികര്‍ അടക്കം ഏഴു പേരെ കൊലപ്പെടുത്തി. നുഴഞ്ഞുകയറിയ 3 ഭീകരരെയും സൈന്യം വധിച്ചിരുന്നു. സൈനിക ക്യാമ്പ് ആക്രമണത്തിന്റെ സൂത്രധാരനായ മുഫ്തി വഖാസിനെ വധിക്കാനായത് തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് സൈന്യം പ്രതികരിച്ചു.
അതേസമയം സൈനിക വാഹനത്തെ ആക്രമിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഷോപിയാനില്‍ പട്രോളിംഗിനിറങ്ങിയ സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. കൂടുതല്‍ പേര്‍ ഒളിച്ചിരിപ്പുണ്ടെന്നും അവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പ്രദേശവാസികളാണ്. ഇവര്‍ ഭീകരനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു. മറ്റൊരാളുടെ മൃതദേഹം മറ്റൊരു വാഹനത്തില്‍നിന്നാണ് കണ്ടെത്തിയത്. ഇയാള്‍ വിദ്യാര്‍ഥിയാണ്. ഷാഹിദ് അഹമ്മദ് ദര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്