സിബിഎസ്ഇ പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന്
ന്യൂഡൽഹി: ചോദ്യ പേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന് നടക്കും. അതേസമയം പത്താംക്ലാസ് കണക്ക് പരീക്ഷ ഡൽഹിയിലും, ഹരിയാനയിലും മാത്രമാകും നടത്തുക. കണക്ക്ക് പരീക്ഷ ആവശ്യമെങ്കിൽ ജൂലൈയിൽ നടത്തുമെന്നും ഇക്കാര്യത്തിൽ 15 ദിവസത്തിനകം തീരുമാനം അറിയിക്കുമെന്നും കേന്ദ്ര വിദ്ാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് അറിയിച്ചു.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകൾ റദ്ദാക്കിക്കൊണ്ട് സിബിഎസ്ഇ ബുധനാഴ്ച ഉത്തരവിറക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്.
പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്ര പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസിലെ ജീവശാസ്ത്ര പരീക്ഷയുടെയും ചോദ്യപേപ്പർ ചോർന്നതായും വിദ്യാർഥികൾ നേരത്തെ ആരോപിച്ചിരുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതൽ ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.