സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കം.
ഹൈദരാബാദ്: സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കം. ഇനി അഞ്ചുനാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കണ്ണും കാതും തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലേക്ക്. വര്‍ഗീയസംഘര്‍ഷങ്ങളും ന്യൂനപക്ഷദളിത് വേട്ടയും ഭരണരാഷ്ട്രീയത്തിന്റെ തണലില്‍ രാജ്യമെങ്ങും ഭീതിപ്പെടുത്തുംവിധം അഴിഞ്ഞാടുമ്പോള്‍, പ്രതിരോധത്തിന്റെ കാവലാളാകാന്‍ കരുത്തുള്ള വിപ്ലവപ്രസ്ഥാനത്തെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതോടൊപ്പം ബിജെപിയും കോണ്‍ഗ്രസും തുടര്‍ന്നുവരുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരായ യഥാര്‍ഥ ജനപക്ഷബദല്‍ കെട്ടിപ്പടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സിപിഐ എം.
പാര്‍ടി കോണ്‍ഗ്രസിനുമുന്നോടിയായി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ബ്രാഞ്ചുതലംവരെ ഓരോ പാര്‍ടി അംഗവും വായിക്കുകയും ചര്‍ച്ച ചെയ്യുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം ചര്‍ച്ച ചെയ്ത് കരട് രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്നതാണ് പാര്‍ടി കോണ്‍ഗ്രസിലെ പ്രധാന നടപടിക്രമങ്ങളിലൊന്ന്.അതോടൊപ്പം ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. വിശാഖപട്ടണത്ത് ചേര്‍ന്ന 22-ാം പാര്‍ടി കോണ്‍ഗ്രസ് തീരുമാനങ്ങളും കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ടി പ്ലീനത്തിന്റെ തീരുമാനങ്ങളും നടപ്പാക്കിയത് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. ഇടതുമതേതര ഐക്യം വിപുലപ്പെടുത്തുന്നതോടൊപ്പം പാര്‍ടിയുടെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും വിശദ ചര്‍ച്ച നടക്കും.ചൊവ്വാഴ്ച വൈകിട്ട് ബസവപുന്നയ്യ ഭവനില്‍ (തെലങ്കാന സംസ്ഥാന കമ്മിറ്റി ഓഫീസ്) പൊളിറ്റ്ബ്യൂറോയും തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയും ചേര്‍ന്നു. കരട് രാഷ്ട്രീയപ്രമേയത്തില്‍ വന്ന ഭേദഗതികളുടെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. ഈ ഭേദഗതികള്‍ ഉള്‍പ്പെടെയാണ് കരട് രാഷ്ട്രീയപ്രമേയം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക. പാര്‍ടി കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയായി പൊളിറ്റ്ബ്യൂറോ പ്രവര്‍ത്തിക്കും.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തൊഴിലാളി, കര്‍ഷക പ്രക്ഷോഭങ്ങള്‍ പാര്‍ടിയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്തുംവിധം വളര്‍ത്തിയെടുക്കുകയെന്നത് പ്രധാന ദൗത്യമായി പാര്‍ടി കോണ്‍ഗ്രസ് ഏറ്റെടുക്കും. ബംഗാളിലും ത്രിപുരയിലും സിപിഐ എമ്മിനുനേരെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി ക്രിമിനലുകള്‍ നടത്തുന്ന രൂക്ഷമായ അക്രമപരമ്പരകള്‍ക്കെതിരായ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതിനെക്കുറിച്ചും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 763 പ്രതിനിധികളും 74 നിരീക്ഷകരും പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നു. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമാണ്. 175 വീതം.മുഹമ്മദ് അമീന്‍ നഗറിലെ ഖഗന്‍ദാസ് സുകോമള്‍സെന്‍ മഞ്ചില്‍ (ആര്‍ടിസി കല്യാണമണ്ഡപം) പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തെലങ്കാനസമര പോരാളിയും തലമുതിര്‍ന്ന നേതാവുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്.സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്പി സെക്രട്ടറി മനോജ് ഭട്ടാചാര്യ, ജി ആര്‍ ശിവശങ്കരന്‍ (ഫോര്‍വേഡ് ബ്ലോക്ക്), ആശിഷ് ഭട്ടാചാര്യ (എസ്യുസിഐ) എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും