സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി
കൊച്ചി|സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ തന്നെ വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ ഫേസ് ബുക്ക് പോസ്റ്റ്
സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ പ്രഖ്യാപനം നടന്നിരുന്നുവെങ്കിലും സ്ഥാനം ഏറ്റെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സ്ഥാനം ഏറ്റെടുക്കാന്‍ സുരേഷ് ഗോപി വിമുഖത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ബിജെപി ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുരേഷ് ഗോപി. അതിനിടെയാണ് സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃപദവി കേന്ദ്രസർക്കാർ ഏൽപ്പിച്ചത്. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായി തുടരാൻ സുരേഷ് ഗോപിക്ക് അനുമതി നൽകിയിട്ടുണ്ട്. പാർട്ടി ആവശ്യപ്പെടുന്ന സീറ്റിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്